ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ് ഓഫ് കൊത്ത’ കാരൈക്കുടിയിലെ ചിത്രീകരണം പൂര്‍ത്തിയായി. കാരൈക്കുടിയിലെ 95 ദിവസത്തെ നീണ്ട ഷെഡ്യൂളിനാണ് അവസാനമായത്. ചിത്രം അതിന്റെ അവസാന പണിപ്പുരകിലാണെന്നും ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പാക്കപ്പ് വിഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്. ”തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ” എന്ന ദുല്‍ഖറിന്റെ ഡയലോഗും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ്, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍, സെന്തില്‍ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരണ്‍, രാജേഷ് ശര്‍മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.