ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. സംവിധാനം നിര്‍വഹിക്കുന്നത് വിനയ് ഗോവിന്ദാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്. നിഖില വിമലാണ് നായിക. ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തില്‍ ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ ഗെറ്റ് സെറ്റ് ബേബിയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന കരുത്തുറ്റ നായികാ കഥാപാത്രമായിട്ടാണ് നിഖില വിമല്‍ എത്തുക. ശ്യാം മോഹനും ജോണി ആന്റണിക്കുമൊപ്പം ചിത്രത്തില്‍ മീര വാസുദേവ്, ഭഗത് മാനുവല്‍, സുരഭി ലക്ഷ്മി, മുത്തുമണി, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗ മീര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.