കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. കേരളത്തില്‍ ഇന്ന് പവന് ഒറ്റയടിക്ക് 960 രൂപ വര്‍ദ്ധിച്ച് വില സര്‍വകാല റെക്കോഡായ 52,280 രൂപയായി. 120 രൂപ ഉയര്‍ന്ന് 6,535 രൂപയാണ് ഗ്രാം വില. കേരളത്തില്‍ ഗ്രാമിന് 6,500 രൂപയും പവന് 52,000 രൂപയും ഭേദിക്കുന്നത് ആദ്യമായാണ്. ഇക്കഴിഞ്ഞ നാലിന് കുറിച്ച ഗ്രാമിന് 6,460 രൂപയും പവന് 51,680 രൂപയുമെന്ന റെക്കോഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 110 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ ,470 രൂപയിലെത്തി. രാജ്യാന്തര വില ഇപ്പോള്‍ ഔണ്‍സിന് 41 ഡോളര്‍ കുതിച്ച് പുതിയ റെക്കോഡായ 2,329 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോളറിനെതിരെ റെക്കോഡ് താഴ്ചയായ 83.44 എന്ന നിലയിലുമാണ്. രൂപയുടെ മൂല്യം താഴുന്നത് സ്വര്‍ണം ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും. ഇത് ആഭ്യന്തര സ്വര്‍ണവില വര്‍ദ്ധനയുടെ ആക്കവും കൂട്ടും. കഴിഞ്ഞ ഫെബ്രുവരി 15ന് 45,520 രൂപയായിരുന്ന പവന്‍ വിലയാണ് ഒന്നര മാസത്തിനിടെ 6,720 രൂപ ഉയര്‍ന്ന് 52,280 രൂപയിലെത്തിയത്. 52,280 രൂപയെന്നത് സ്വര്‍ണത്തിന്റെ അടിസ്ഥാന വിപണിവിലയാണ്. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുമ്പോള്‍ 56,600 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. ഫെബ്രുവരിയില്‍ 2.35 ലക്ഷം രൂപ കൊടുത്താല്‍ അഞ്ച് പവന്റെ ആഭരണം വാങ്ങാമായിരുന്നു എങ്കില്‍ ഇപ്പോള്‍ 2.83 ലക്ഷം രൂപയെങ്കിലും കൊടുക്കണം. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും പുതിയ ഉയരം കീഴടക്കി കത്തിക്കയറുകയാണ്. സംസ്ഥാനത്ത് ഗ്രാമിന് വില ഇന്ന് രണ്ടുരൂപ ഉയര്‍ന്ന് റെക്കോഡായ 87 രൂപയിലെത്തി.