വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി കുറച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍. ഇലക്ട്രിക് ബാറ്ററിയുടെ ചെലവ് കുറഞ്ഞതും വില കുറയ്ക്കാന്‍ ഒരു പ്രധാന കാരണമാണ്. ഒല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ബജാജ് ഓട്ടോ, ഒകായ ഇവി എന്നി പ്രമുഖ കമ്പനികളാണ് പ്രധാനമായി വിവിധ മോഡലുകളുടെ വില കുറച്ചത്. ഒലയുടെ വിവിധ മോഡലുകള്‍ക്ക് 25000 രൂപ വരെയാണ് വില കുറച്ചത്. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്സ് പ്ലസ് എന്നി മോഡലുകളുടെ വിലയാണ് കുറച്ചത്. ഏഥര്‍ എനര്‍ജി 20000 രൂപയാണ് കുറച്ചത്. 450എസ് മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയാണ് കുറച്ചത്. ബജാജ് ഓട്ടോയുടെ ചേതക് സ്‌കൂട്ടറും ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ ലഭ്യമാക്കിയത്. വില കുറച്ചതോടെ പെട്രോള്‍ സ്‌കൂട്ടറുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും തമ്മിലുള്ള വ്യത്യാസം 60 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 80 ശതമാനമായിരുന്നു. നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് തന്നെയാണ് ആധിപത്യം. ഹോണ്ട ആക്ടീവ, സുസുക്കി ആക്സസ്, ടിവിഎസ് ജുപീറ്റര്‍ എന്നിവയാണ് വില്‍പ്പനയില്‍ മുന്‍പന്തിയില്‍.