രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെ) ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക എണ്ണയായാണോ തരംതിരിക്കേണ്ടത് എന്ന കാര്യത്തില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതിയുടെ ഉത്തരവോടെ ഇല്ലാതായത്. ഭക്ഷ്യേതര എണ്ണകളെ അപേക്ഷിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് സാധാരണയായി കുറഞ്ഞ ജിഎസ്ടി ആണ്. നിലവില്‍ ഭക്ഷ്യ എണ്ണയ്ക്ക് പത്തുശതമാനത്തില്‍ താഴെയാണ് ജിഎസ്ടി.സൗന്ദര്യവര്‍ദ്ധക വസ്തുവായി കണക്കാക്കുമ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി വരിക. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നികുതി അധികാരികളുമായുള്ള തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.