എഐസിസി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തീർന്നപ്പോൾ തരൂർ പഴയ തരൂരല്ല എന്ന കാര്യത്തിൽ കേരള നേതാക്കൾക്ക് രണ്ടഭിപ്രായമില്ല. ശശി തരൂർ എത്രത്തോളം വോട്ട് നേടുമെന്നത് ചർച്ചയാണ്. പ്രചാരണത്തിൽ മുന്നിട്ടു നിന്ന തരൂരിന് പക്ഷെ സ്വന്തം സംസ്ഥാനത്തിലെ നേതാക്കളുടെ പിന്തുണ പോലും കിട്ടിയിരുന്നില്ല. തരൂർഷോയ്ക്ക് മാർക്കിടുമ്പോഴും വിജയം ഖാർഗെയ്ക്ക് തന്നെ എന്നാണ് കേരള നേതാക്കൾ പറയുന്നത്.
ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമർശനവുമായി സിപിഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി.
എ.എ അസീസും ഷിബു ബേബി ജോണും തമ്മിൽ ആര്.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് അവകാശം ഉന്നയിച്ചു എങ്കിലും സമവായത്തിലൂടെ പ്രശ്നം പരിഹരിച്ചു. എ എ അസീസ് തന്നെ സെക്രട്ടറിയായി തുടരും. കൊല്ലത്ത് നടന്ന ആര്.എസ്.പി സംസ്ഥാനസമ്മേളനത്തിലാണ് അസീസിന്റെ പേര് നിർദ്ദേശിച്ചത് .ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്ന് അസീസ് സമ്മതിച്ചതോടെയാണ് സമവായമായത്. അതിന് ശേഷം ഷിബുബേബി ജോൺ സെക്രട്ടറിയാകും. ഇത് നാലാം തവണയാണ് എ എ അസീസ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയാകുന്നത് .
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. സുപ്രിം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതാം തിയതിയാകും സത്യപ്രതിജ്ഞ ചെയ്യുക. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചത്. 2024 നവംബർ പത്തിന് അദ്ദേഹം വിരമിക്കും. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ).അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് .
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുൾ സത്താർ, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങൾ, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം പ്രതി സിടി സുലൈമാൻ എന്നിവരെയാണ് കൊച്ചി എൻഐഎ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടക്കമുള്ളവ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്നഎൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഇലന്തൂരിലെ നരബലിയിൽ ഇരകളെ അതിക്രൂരമായി പീഡിപ്പിച്ചത് നരബലിയുടെ പുണ്യം കൂട്ടുന്നതിന് വേണ്ടിയെന്ന് ഷാഫി പറഞ്ഞതായി കൂട്ട് പ്രതികൾ പോലീസിനോട് പറഞ്ഞു. . കൊല്ലപ്പെട്ട റോസ് ലിന്റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു കറി മസാലപ്പൊടി പുരട്ടി പീഡിപ്പിച്ചാണ് കൊന്നത്. അതേസമയം, വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു.