വണ്ടിപെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.
പോലീസ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഒന്നും തന്നെ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ കോടതി പരാജയപ്പെട്ടു എന്നാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. തുടർന്ന് പ്രതിയായ അർജ്ജുനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അർജുനെ കോടതി വെറുതെ വിട്ട സംഭവം വൻ പ്രതിഷേധമാണ് ഉയർത്തിയത്.