ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ആകെ ഓറല്‍ കാന്‍സര്‍ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ് സംഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു. പുകവലി, മദ്യപാനം, എച്ച്പിവി വൈറസ്, പോഷണക്കുറവ് എന്നിവയാണ് ഇന്ത്യയിലെ പുരുഷന്മാരില്‍ ഓറല്‍ കാന്‍സര്‍ നിരക്ക് ഉയരാനുള്ള മറ്റ് കാരണങ്ങള്‍. പുകയില ഉപയോഗത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. മുന്‍പ് വായിലെ അര്‍ബുദം ബാധിക്കുന്നവര്‍ പലരും 40കളില്‍ ഉള്ളവരായിരുന്നെങ്കില്‍ ഇന്ന് 20കളിലും 30കളിലുമുള്ള യുവാക്കള്‍ക്ക് ഓറല്‍ കാന്‍സര്‍ വരുന്ന സാഹചര്യമുണ്ട്. നിര്‍ണ്ണയിക്കപ്പെടുന്ന ഓറല്‍ കാന്‍സര്‍ കേസുകളില്‍ 50 ശതമാനത്തിലധികം എച്ച്പിവി 16 വൈറസായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലും ഓറല്‍ സെക്സ് ചെയ്യുന്നവരിലും ഇത്തരം അര്‍ബുദത്തിനുള്ള സാധ്യത അധികമാണ്. പുകവലിയും മദ്യപാനവുമായി ബന്ധപ്പെട്ട ഓറല്‍ കാന്‍സറിനെ അപേക്ഷിച്ച് എച്ച്പിവി വൈറസ് മൂലമുള്ള അര്‍ബുദത്തിന്റെ രോഗമുക്തി നിരക്ക് ഉയര്‍ന്നതാണെന്ന വ്യത്യാസമുണ്ട്. പച്ചിലകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാതിരിക്കുന്നതും വായിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ ഓറല്‍ കാന്‍സര്‍ രോഗികളില്‍ 99 ശതമാനത്തിനും കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്സ് ഉള്ളവരായിരുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പോഷണമില്ലായ്മ ഈ അര്‍ബുദത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഡിസ്‌കെരാറ്റോസിസ് കണ്‍ജെനിറ്റ, ഫാന്‍കോണിയ അനീമിയ പോലുള്ള ചില ജനിതക രോഗങ്ങളും വായിലെ അര്‍ബുദ സാധ്യതയേറ്റുന്നു. വായിലും തൊണ്ടയിലും തുടര്‍ച്ചയായ വേദന, ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്, ചുണ്ടിലും നാക്കിലും തൊണ്ടയിലും കവളിനുള്ളിലും നീര്‍ക്കെട്ട്, കുരുക്കള്‍, നാക്കിനോ വായ്ക്കോ മരവിപ്പ്, നാക്കിലും കവിളിനുള്ളിലും വെളുത്തതോ ചുവന്നതോ ആയ പാടുകള്‍, ദീര്‍ഘകാലമായുള്ള വായ്നാറ്റം, ഇളകിയ പല്ലുകള്‍, കാതിനും താടിക്കും വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഉടനടി ദന്തരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടത് അര്‍ബുദത്തിലേക്ക് നയിക്കാതിരിക്കാന്‍ സഹായിക്കും.