കാസര്‍കോട് ജില്ലയിലെ 34 നഴ്‌സിംഗ് ഓഫീസര്‍മാരെ സര്‍ക്കാര്‍ ഒറ്റയടിക്കു സ്ഥലം മാറ്റി. പകരം ഒരാളെപോലും നിയമിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്കു മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടാണു കൂട്ടസ്ഥലംമാറ്റം. ഇതോടെ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതി ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ദിലീപും ശരത്തും തിങ്കളാഴ്ച ഹാജറാകണമെന്ന് ഉത്തരവിട്ടു. വിചാരണ നവംബര്‍ 10 ന് തുടങ്ങും.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 162 കോടി രൂപയുടെ വന്‍ നികുതി വെട്ടിപ്പ്. ജിഎസ്ടി വകുപ്പാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. 703 കോടി രൂപയുടെ വരുമാനത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരാണ് ഇത്രയും രൂപ നികുതി ഇനത്തില്‍ വെട്ടിച്ചത്.
ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചത്.
തിരുനെല്ലി തെറ്റ്റോഡില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഒന്നര കോടി രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റു ചെയ്തു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പ്രശാന്ത്, കൊണ്ടോട്ടി സ്വദേശി ഷഫീഖ് എന്നിവരെയൊണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
തൃശൂരില്‍ വിദ്യാര്‍ഥികളടക്കമുള്ള 250 പേര്‍ക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയില്‍. മരത്താക്കര സ്വദേശി സിതിന്‍, സിജോ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി അരുണിന്റെ സുഹൃത്താണ് സിതിന്‍.
തിരുവനന്തപുരത്ത് യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസ്. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവര്‍ സുരേഷിനെതിര കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കാട്ടാക്കടയില്‍ ഒരു കടയില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ മദ്യലഹരിയില്‍ സ്ത്രീയെ ഉപദ്രവിച്ചെന്നാണു പരാതി.
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെ (22) യാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
കോഴിക്കോട് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുല്‍ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റു ചെയ്തത്.
തമിഴ്‌നാട്ടില്‍നിന്ന് എറണാകുളത്തു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ഗുളികകളുമായി മൂന്നു പേര്‍ ചാലക്കുടി എക്‌സൈസിന്റെ പിടിയിലായി. കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ അടക്കം മൂന്നു പേരെയാണു പിടികൂടിയത്.
ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കിയുമായി ബകാര്‍ഡി. ‘ലെഗസി’ എന്നപേരിലുള്ള വിസ്‌കി വിപണിയില്‍ അവതരിപ്പിച്ചു, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ആദ്യം ലെഗസി ലഭ്യമാകുക.
പൊലീസിന് ഏകീകൃത യൂണിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിനെതിരേ വിമര്‍ശനങ്ങള്‍. യൂണിഫോമില്‍ തുടങ്ങുന്ന ഏകീകരണം, പോലീസ് സേനയെ കേന്ദ്ര സേനയാക്കി മാറ്റുന്നതില്‍ കലാശിക്കുമോയെന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കളുടെ ആശങ്ക. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ആഭ്യന്തര മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.