കൂടുതല്‍ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതില്ലാത്ത ഇടങ്ങളിലെ നഗരവാസികളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന് പഠനം. ടെക്സാസിലെ എ ആന്‍ഡ് എം യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നഗരങ്ങളുടെ വായു നിലവാരം, ശബ്ദ, പ്രകാശ മലിനീകരണം, മരത്തലപ്പുകളുടെ വ്യാപ്തി എന്നിവയെല്ലാം അളക്കുന്ന നേച്ചര്‍ സ്‌കോര്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഈ സ്‌കോര്‍ 80 മുതല്‍ 100 വരെയുള്ള നഗര പ്രദേശങ്ങളെ പ്രകൃതിയുടെ ഉടോപ്യയായും പൂജ്യം മുതല്‍ 19 പോയിന്റ് ഉള്ള ഇടങ്ങളെ പ്രകൃതി സമ്പത്തില്‍ ന്യൂനതകളുള്ള ഇടമായും കണക്കാക്കുന്നു. നേച്ചര്‍ സ്‌കോറിനൊപ്പം 2014 മുതല്‍ 2019 വരെയുള്ള ടെക്സാസ് ഹോസ്പിറ്റല്‍ ഔട്ട് പേഷ്യന്റ് പബ്ലിക് യൂസ് ഡേറ്റ ഫയലുകളും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. ഈ ഡേറ്റയില്‍ നിന്ന് വിഷാദരോഗം, ബൈപോളാര്‍ തകരാറുകള്‍, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ സംബന്ധിച്ച 6,13,91,400 ഒപി കേസുകള്‍ തിരഞ്ഞെടുത്തു. ഇതില്‍ ടെക്സാസ് നഗര ഭാഗങ്ങളിലെ 1169 സിപ് കോഡ് പ്രദേശങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ഉള്‍പ്പെടുന്നു. ഒരു പ്രദേശത്തെ നേച്ചര്‍ സ്‌കോര്‍ ഉയരുന്നതിന് അനുസരിച്ച് അവിടുത്തെ മാനസികാരോഗ്യ ചികിത്സകളുടെ തോത് കുറയുന്നതായി ഗവേഷകര്‍ ഇതില്‍ നിന്ന് നിരീക്ഷിച്ചു. ഒരു പ്രദേശത്തെ മരങ്ങളുടെയും ചെടികളുടെയും തോത് വര്‍ധിക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവും പ്രദേശവാസികള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan