രാജസ്ഥാനിൽ സച്ചിൻപൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ തങ്ങൾ രാജിവയ്ക്കും എന്ന എം എൽ എ മാരുടെ ഭീഷണി ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എം എൽ എ മാരും ഗെലോട്ടും ഇടഞ്ഞു നിൽക്കുമ്പോൾ ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തി. രാജസ്ഥാനിൽ കാര്യങ്ങൾ വഷളാക്കിയ ഗെലോട്ടിനെ പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു.
സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്റർ . ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ പോസ്റ്റർ സേവ് ബിജെപി ഫോറം എന്ന പേരിലാണ് അച്ചടിച്ചിട്ടുള്ളത് .ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പതിപ്പിച്ച പോസ്റ്റർ പതിപ്പിച്ചത് . രാവിലെ പ്രവര്‍ത്തകരെത്തി പോസ്റ്റർ നീക്കം ചെയ്തു.
ഹർത്താൽ ആഹ്വനം നടത്തിയ ശേഷം ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവിൽ കഴിയുന്ന പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്.
നിയമസഭ കൈയാങ്കളി കേസിൽ ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും.ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് ഹാജരാക്കുമ്പോൾ കേസിലെ മൂന്നാം പ്രതിയായ ജയരാജന് തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പും പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അങ്കിത ഭണ്ഡാരി വധക്കേസിൽ പുൽകിത് ആര്യ നിരപരാധിയാണെന്ന് ഉത്തരാഖണ്ഡിലെ മുൻ ബിജെപി നേതാവും പുൽകിതിന്റെ പിതാവുമായ വിനോദ് ആര്യ പറഞ്ഞു. പുൽകിതിനും അങ്കിതയ്ക്കും നീതി ലഭ്യമാക്കണമെന്നും വിനോദ് ആര്യ ആവശ്യപ്പെട്ടു. കേസിന്റെ പശ്ചാത്തലത്തിൽ വിനോദ് ആര്യയെയും പുൽകിതിന്റെ സഹോദരനായ അങ്കിത് ആര്യയെയും ബിജെപി പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം.
മട്ടന്നൂർ ടൗൺ ജുമുഅ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂർ സിഐ എം കൃഷ്ണന് മുമ്പാകെയാണ് മൂന്ന് പേരും ഹാജരായത്. മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവർ ഹാജരായത്.