കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കാൻസർ പരിശോധന ഫലം കൃത്യസമയത്ത്ലഭിക്കുന്നില്ലെന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ക്യാൻസർ ഫലങ്ങൾ യഥാസമയം രോഗികൾക്ക് ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ച് മനുഷ്യാവകാശ കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നോട്ടീസയച്ചു. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഫെബ്രുവരി 20 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുo. ക്യാൻസർ പരിശോധനയുടെ ഫലം ലഭ്യമാകാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടുന്നതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. റിപ്പോർട്ടുകൾ വൈകുന്നതിലൂടെ രോഗികളുടെ മരണം വരെ സംഭവിച്ചേക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. മാസങ്ങൾ വൈകി ഫലം ലഭിക്കുമ്പോൾ രോഗം അതിഗുരുതരം ആവുകയും ചെയ്യുന്നു. ടെസ്റ്റുകളുടെ എണ്ണം കൂടിയതുകൊണ്ടാണ് ഫലം വൈകുന്നത് എന്നാണ് ആശുപത്രിയുടെ വിശദീകരണം. 3000 ത്തോളം കേസുകളാണ് ഒരുമാസം പരിശോധനയ്ക്ക് എത്തുന്നത് എന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.എത്ര നേരത്തെ ചികിത്സ തുടങ്ങുന്നോ അതിജീവനത്തിന് അത്രയും സാധ്യതയുള്ള അസുഖമാണ് കാൻസർ. എന്നാലിത് വൈകുന്നതോടെ രോഗികളുടെ അതിജീവനത്തിനുള്ള സാധ്യതയും കുറയുകയാണ്.