ഹോണ്ട ഇന്ത്യയുടെ പുതിയ എസ്.യു.വി എലവേറ്റ് അടുത്ത മാസം നിരത്തിലിറങ്ങും. ജൂണ്‍ ആറിന് വാഹനത്തിന്റെ ആഗോള അവതരണം ഡല്‍ഹിയില്‍ അരങ്ങേറും. സെപ്റ്റംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കും. ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വില്പനക്ക് എത്തിക്കാനാണ് ഹോണ്ടയുടെ പ്ലാന്‍. ആഗോള എസ്.യു.വി ലൈനപ്പില്‍ ഡബ്‌ളിയുആര്‍-വി, എച്ച്ആര്‍-വി എന്നിവയ്ക്ക് ഇടയിലാണ് എലവേറ്റിന്റെ സ്ഥാനം. അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ആകും എലവേറ്റിന്റേത്. എന്‍ജിന്‍ 121 ബിഎച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭിക്കും. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഈ വാഹനം ലഭ്യമാകില്ല എന്നാണ് സൂചനകള്‍. പിന്നീട് ഹൈബ്രിഡ് ഓപ്ഷനിലും എസ്യുവി പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.