കൊൽക്കത്തയിലെ ആർജി കർ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്‍റെ സമ്പൂർണ പരാജയം എന്നാണ് കോടതിയുടെ വിമർശനം. ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. പൊലീസിന് സ്വയം സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഡോക്ടർമാർക്ക് എങ്ങനെ നിർഭയമായി പ്രവർത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.