ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കുടിയേറ്റക്കാരെ കൈയേറ്റക്കാര്‍ എന്നു വിശേഷിപ്പിച്ചത് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ ദുരഭിമാനത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. 2019 ലെ ഉത്തരവ് പിന്‍വലിക്കാത്തത് ജനങ്ങള്‍ക്കു ദ്രോഹമാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉത്തരവു പിന്‍വലിക്കേണ്ടതില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അന്തിമ വിജ്ഞാപനത്തില്‍ ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള പാനലില്‍ അഞ്ചംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടലുകള്‍ തടയാമെന്ന് ഭരണപക്ഷത്തുനിന്ന് കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ കാവിവത്കരണംപോലെ തന്നെ കമ്മ്യൂണിസ്റ്റ്വത്കരണവും അപകടമെന്ന് പ്രതിപക്ഷം പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. തുറമുഖ നിര്‍മ്മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കരുത്. പ്രതിഷേധം സമാധാനപരമായിരിക്കണം. നിര്‍മാണ പ്രവര്‍ത്തനം തടയരുത്. പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തടയാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി.
വാട്ട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അഭിപ്രായം തേടി. ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ചു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ വില 1896 രൂപ 50 പൈസ ആയി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചിയിലും നെടുമ്പാശേരിയിലും കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനം അടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ നിര്‍മ്മിച്ച വിമാന വാഹിനി യുദ്ധക്കപ്പല്‍ വിക്രാന്ത് പ്രധാനമന്ത്രി നാളെ നാവിക സേനയ്ക്കു കൈമാറും.
ടോള്‍ പ്ലാസകളില്‍ 15 ശതമാനം നിരക്കു വര്‍ധന. ദേശിയ മൊത്തവില സൂചികയിലെ വര്‍ധനയ്ക്ക് ആനുപാതികമായാണ് വര്‍ധന. പാലിയേക്കരയില്‍ പത്തു മുതല്‍ 65 വരെ രൂപയുടെ വര്‍ധന. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് എണ്‍പത് രൂപ ആയിരുന്നത് 90 രൂപയായി. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 140 ല്‍ നിന്ന് 160 രൂപയായി. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 235 രൂപയാണ്.
എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗതര്‍ ജീവിതശൈലി വര്‍ധിക്കുകയാണെന്നു ഹൈക്കോടതി. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസമായാണ് പുതുതലമുറ കാണുന്നത്. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും വര്‍ധിക്കുന്നത് സമൂഹത്തെ ബാധിക്കും. വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്.