ജൂണ്‍ 30ന് അനിൽകാന്ത് ഒഴിയുന്നതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള ചർച്ചകള്‍ തുടങ്ങി. സാധ്യത പട്ടികയിലുള്ള എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താൽപര്യപത്രം നൽകാൻ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു പോലീസ് മേധാവി സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുന്ന അനിൽകാന്ത് ജൂണ്‍ 30ന് വിരമിക്കും. പല കണക്കുകൂട്ടലുകളും മറികടന്നാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിച്ചത്. പൊലീസ് മേധാവിയാകുമ്പോള്‍ ആറ് മാസം മാത്രം സർവീസ് ബാക്കിയിട്ടുണ്ടായിരുന്ന അനിൽകാന്തിന് രണ്ട് വർഷത്തേക്ക് സർവ്വീസ് നീട്ടി നൽകുകയും ചെയ്തു. എട്ട് പേരാണ് അനിൽ കാന്തിന്റെ പിൻഗാമിയാകാൻ പട്ടികയിലുള്ളത്. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നിധിൻ അഗർവാളാണ് പട്ടികയിൽ ഒന്നാമൻ. സിആർപിഎഫിൽ ഡെപ്യൂട്ടേ ഷനുള്ള നിധിൻ അഗർവാള്‍ മടങ്ങി വരാൻ സാധ്യത കുറവാണ്. പൊലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് സാധ്യത സ്ഥാനത്തുള്ള മറ്റ് രണ്ട് പേർ.