കുറുക്കനും പൂവന്‍കോഴിയും
മിത്തുകള്‍ മുത്തുകള്‍ 6
ഈസോപ്പുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
രാത്രിമുഴുവനും കാട്ടിലലഞ്ഞിട്ടും കൗശലക്കാരനായ കുറുക്കന് ഒരീച്ചയെപ്പോലും കിട്ടിയില്ല. വിശപ്പുമൂലം കത്തുന്ന വയറില്‍ വെള്ളം മാത്രമുണ്ട്. ഇരതേടി നടന്നു കാലു കുഴഞ്ഞു. തളര്‍ന്നവശനായപ്പോള്‍ ഒരു മരച്ചുവട്ടില്‍ കുഴഞ്ഞു വീണു.
അല്പസമയം കഴിഞ്ഞപ്പോഴേക്കും തൊട്ടരികില്‍ എവിടെ നിന്നോ പൂവന്‍കോഴി കൂവുന്നു. കുറുക്കന്‍ തലയുയര്‍ത്തിനോക്കി. ഒരു കോഴിയെയും കാണുന്നില്ല. പ്രഭാതമാകാറായിരിക്കുന്നു. കൂവുന്ന കോഴിയെ കിട്ടിയാല്‍ ശാപ്പിടാം. കുറുക്കന്റെ വായില്‍ വെള്ളമൂറി. എഴുന്നേറ്റുനിന്ന് നാലുപാടും നോക്കുന്നതിനിടയില്‍ വീണ്ടും കൂവല്‍.
അതാ, തൊട്ടടുത്ത മരത്തിനു മുകളില്‍നിന്നാണ്. കൊഴുത്തുരുണ്ട ഒരു പൂവന്‍കോഴി മരച്ചില്ലയില്‍ ഞെളിഞ്ഞിരിക്കുന്നു. ഒറ്റച്ചാട്ടത്തിനു കോഴിയെ പിടികൂടണമെന്നു കുറുക്കനു മോഹം. പക്ഷേ, അത്രയും ഉയരത്തില്‍ ചാടാനാവില്ലെന്നു കുറുക്കന് അറിയാം. എന്തുചെയ്യും? ലോഹ്യം പറഞ്ഞ് കോഴിയെ താഴെയിറക്കുകയേ വഴിയുള്ളൂ.
‘സുന്ദരനായ പൂവന്‍കോഴി, നിന്റെ പ്രഭാതഗീതം എത്ര രസമായിരിക്കുന്നു.’ മരച്ചുവട്ടില്‍നിന്ന് കുറുക്കന്‍ കോഴിയോടു വിളിച്ചുപറഞ്ഞു.
താഴെ വായ്പിളര്‍ത്തിനില്ക്കുന്ന കുറുക്കനെ കണ്ടപ്പോഴേ കോഴിക്കു കാര്യം പിടികിട്ടി. ‘ബുദ്ധിമാനായ കുറുക്കന്റെ പ്രശംസയ്ക്ക് നന്ദി പറയാന്‍ വാക്കുകളില്ല’ -കോഴിയുടെ മറുപടി!
”ഓ, പങ്ങാതിമാര്‍ തമ്മില്‍ എന്തിനാണു നന്ദി. അതുപോട്ടെ, നീയെന്താണിത്ര ഉയരത്തില്‍ പോയിരിക്കുന്നത്? ഇപ്പോള്‍ നാം അടുത്ത കൂട്ടുകാരായല്ലോ. താഴെയിറങ്ങി വാ. നമുക്കു തമാശ പറഞ്ഞിരിക്കാം.’ കുറുക്കന്‍ കൗശലപൂര്‍വം കോഴിയെ ക്ഷണിച്ചു.
‘ശരിയാണ്. ഈ മരച്ചില്ലയില്‍ കഷ്ടപ്പെട്ടു ബാലന്‍സുചെയ്തു നില്ക്കാന്‍ ഒരു സുഖവുമില്ല. പക്ഷേ, എന്തുചെയ്യും? താഴെയിറങ്ങിയാല്‍ ഈ കാട്ടിലെ ചില ചങ്ങാതിമാര്‍ എന്നോടു ലോഹ്യംകൂടി കടിച്ചുതിന്നാനാണു വരുന്നത്.’
‘ങേ! അങ്ങനെയാണോ? എങ്കില്‍ സിംഹരാജനോട് ഇക്കാര്യം പറഞ്ഞിട്ടുതന്നെ കാര്യം. പിന്നെ ഒരാള്‍പോലും നിന്നെ ശല്യപ്പെടുത്തില്ല.’- കുറുക്കന്‍ നമ്പരിറക്കി.
‘സിംഹരാജനോടു പരാതി പറഞ്ഞാല്‍ അദ്ദേഹം എന്നെ പിടിച്ചു വിഴുങ്ങും.’ കോഴി ദയനീയമായി പറഞ്ഞു.
‘ഇതു നല്ലകഥ! അപ്പോള്‍, കാട്ടിലെ പുതിയ നിയമം അറിഞ്ഞില്ലേ?’- കുറുക്കന്‍.
‘എന്തു നിയമം?’-കോഴി ജിജ്ഞാസ നടിച്ചു.
‘സിംഹരാജന്റെ നിര്‍ദേശമനുസരിച്ച് മൃഗങ്ങളെല്ലാംചേര്‍ന്ന് പുതിയ കരാറുണ്ടാക്കി. പരസ്പരം ആക്രമിക്കാനോ കൊല്ലാനോ പാടില്ലെന്നാണു പുതിയ നിയമം.’ കുറുക്കന്‍ തന്ത്രപൂര്‍വം വിശദീകരിച്ചു.
‘ആഹാ! നല്ല നിയമം തന്നെ.’ കോഴി പറഞ്ഞു. അമ്പടാ വില്ലന്‍ കുറുക്കാ, നിന്നെ ഇവിടെനിന്നു പറപറപ്പിച്ചിട്ടുതന്നെ കാര്യം. കോഴി തലയുയര്‍ത്തി ദൂരെയെങ്ങോട്ടോ സൂക്ഷിച്ചു നോക്കി. ഒരുനിമിഷം കഴിഞ്ഞ് ഭയന്നിട്ടെന്നപോലെ ഒരു ശബ്ദവുമുണ്ടാക്കി.
‘ങേ! എന്തുപറ്റി? എന്താണ് നീയിങ്ങനെ തുറിച്ചുനോക്കുന്നത്?’- കുറുക്കനു കാര്യമറിയാന്‍ തിടുക്കം.
‘ഹേയ്, ഒന്നുമില്ല. കുറച്ചു നായാട്ടുനായ്ക്കള്‍ ഈ ഭാഗത്തേക്കു പാഞ്ഞുവരുന്നുണ്ട്. അതു നോക്കിയതാ.’-കോഴി കൂസലില്ലാതെ പറഞ്ഞു.
‘നായാട്ടുനായ്ക്കളോ? എന്നാല്‍ പിന്നെ കാണാം.’ പറഞ്ഞുതീരും മുമ്പേ കുറുക്കന്‍ പ്രാണനുംകൊണ്ടോടി.
‘കുറുക്കച്ചാ, ആ നിയമത്തിന്റെ കാര്യം പറഞ്ഞിട്ടുപോയാല്‍ മതി.’-കോഴി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
‘പിന്നെ കാണാം. ആ നായാട്ടുനായ്ക്കള്‍ക്ക് നിയമവുമൊന്നും ഇല്ല.’-ഓടിമറഞ്ഞു കഴിഞ്ഞിരുന്ന കുറുക്കന്റെ ശബ്ദം മുഴങ്ങി ക്കേട്ടു.
മരച്ചില്ലയിലിരുന്ന കോഴി താഴെയിറങ്ങി ഊറിച്ചിരിച്ചു, കൗശലക്കാരനായ കുറുക്കനെ കെട്ടുകെട്ടിച്ചതോര്‍ത്ത്.