ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഐഫോണ്‍ 16 വര്‍ഷത്തിനുശേഷം ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റുപോയത് 52.47 ലക്ഷം (63,356 ഡോളര്‍) രൂപക്ക്. 2007ല്‍ ആപ്പിള്‍ ഇറക്കിയ ഒന്നാം തലമുറ ഐഫോണാണ് അന്നത്തേക്കാള്‍ 105 മടങ്ങ് തുകക്ക് വിറ്റുപോയത്. ഞായറാഴ്ച നടന്ന ലേലത്തില്‍ യു.എസുകാരനാണ് ഫോണ്‍ സ്വന്തമാക്കിയത്. 2007ല്‍ 49,225 രൂപയായിരുന്നു ഫോണിന്റെ വില. എന്നാല്‍, ഫെബ്രുവരി രണ്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ രണ്ടുലക്ഷം രൂപയായിരുന്നു ഫോണിന്റെ പ്രാഥമിക വില നിശ്ചയിച്ചിരുന്നത്. 10 പേര്‍ ലേലത്തില്‍ പങ്കെടുത്തു. 3.5 ഇഞ്ച് സ്‌ക്രീന്‍, 2 മെഗാപിക്‌സല്‍ കാമറ, എട്ട് ജി.ബി സ്റ്റോറേജ് ശേഷി, 2ജി നെറ്റ്‌വര്‍ക് എന്നിവയാണ് സവിശേഷതകള്‍. എല്‍സിജി എന്ന ലേല സൈറ്റിലാണ് വില്‍പ്പന നടന്നത്. സീല്‍ പൊട്ടിക്കാത്ത ആദ്യ തലമുറ ഐഫോണ്‍ 63,356.40 യുഎസ് ഡോളറിന് വിറ്റുവെന്നാണ് ഈ സൈറ്റ് പറയുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 52 ലക്ഷം രൂപ വരും ഇത്. 2023 വിന്റര്‍ പ്രീമിയര്‍ ലേലത്തിലാണ് പഴയ ഐഫോണ്‍ ലേലത്തില്‍ പോയത്. കാരെന്‍ ഗ്രീന്‍ യുഎസിലെ ന്യൂജേഴ്‌സിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വനിതയുടെ ഫോണാണ് ലേല സൈറ്റ് വിറ്റത്. ഫാക്ടറി സീല്‍ പോലും പൊളിക്കാത്ത ഐഫോണ്‍ എന്ന നിലയിലാണ് ഇതിന് ഇത്രയും വില കിട്ടിയത് എന്നാണ് വിവരം. ഇത്തരത്തില്‍ ഉപയോഗിക്കാത്ത ഒന്നാം തലമുറ ഐഫോണ്‍ ലഭിക്കുന്നത് തീര്‍ത്തും വിരളമാണ്. ലേലത്തിലൂടെ ലഭിക്കുന്ന തുക തന്റെ ടാറ്റൂ സ്റ്റുഡിയോ നവീകരിക്കാനാണ് ഗ്രീന്‍ ഉദ്ദേശിക്കുന്നത്.