2022ല്‍ തീയറ്ററില്‍ എത്തിയ ‘കാന്താര’ വെറും 16 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 400 കോടിയിലധികം നേടിയിരുന്നു. 2022 വര്‍ഷത്തെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. എന്റര്‍ടെയ്‌മെന്റ് ട്രാക്കിംഗ് പോര്‍ട്ടലായ സാക്‌നില്‍ക് പറയുന്നതനുസരിച്ച് ചിത്രം ഇന്ത്യയില്‍ 310 കോടി രൂപ നേടുകയും ലോകമെമ്പാടുമായി 408 കോടി രൂപ നേടുകയും ചെയ്തു. അതേ സമയം ചിത്രത്തിന്റെ പ്രീക്വലിന്റെ നിര്‍മ്മാണത്തിലാണ് ഋഷഭ് ഷെട്ടി. അടുത്ത വര്‍ഷം ചിത്രം തീയറ്ററില്‍ എത്തിയേക്കും. മുന്‍ ചിത്രത്തെ അപേക്ഷിച്ച് വന്‍ ബജറ്റിലാണ് ചിത്രം എത്തുന്നത് എന്നാണ് വിവരം. സ്ട്രീമിംഗ് അവകാശം ഇപ്പോള്‍ തന്നെ പ്രൈം വീഡിയോ വാങ്ങിയിട്ടുണ്ട്. കാന്താര പാര്‍ട്ട് 1 എന്നാണ് ചിത്രത്തിന്റെ പേര്. ആദ്യത്തെ കാന്തര സിനിമയ്ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം.