ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.
ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഇതിനോടകം പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം രേഖാമൂലം പാർട്ടികൾ ഇതിന് മറുപടി നല്കണം. എല്ലാവരുടെയും നിർേദശങ്ങൾ സ്വീകരിച്ച ശേഷം റിമോട്ട് വോട്ടിംഗ് നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.