പ്രമുഖ ടെലികോം കമ്പനികളുടെ ക്രമീകരിച്ച മൊത്ത വരുമാന കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശ, പിഴ എന്നിവ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് കോടതിയെ സമീപിച്ചത്. നിലനില്‍പ്പ് ഉറപ്പാക്കാന്‍ 45,000 കോടിയിലധികം രൂപയുടെ എജിആറുമായി ബന്ധപ്പെട്ട ബാധ്യതകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യവുമായാണ് വി.ഐ കോടതിയില്‍ എത്തിയത്. കമ്പനിയുടെ ഏകദേശം 20 കോടി ഉപയോക്താക്കളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്നും വി.ഐ പറഞ്ഞു. സ്‌പെക്ട്രം, എജിആര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 1.19 ലക്ഷം കോടി രൂപ കുടിശ്ശിക ഇപ്പോഴും കമ്പനിക്കുണ്ട്. സര്‍ക്കാര്‍ കമ്പനിയുടെ കുടിശ്ശികയുടെ ഒരു ഭാഗമായ ഏകദേശം 39,000 കോടി രൂപ ഓഹരിയിലേക്ക് മാറ്റിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവ പര്യാപ്തമല്ല. പലിശയും പിഴയും സംബന്ധിച്ച കുടിശ്ശികയില്‍ 34,745 കോടി രൂപ എഴുതിത്തള്ളണമെന്നാണ് ഭാരതി എയര്‍ടെല്ലും അതിന്റെ അനുബന്ധ സ്ഥാപനമായ ഭാരതി ഹെക്സാകോമും ഹര്‍ജിയില്‍ ഉന്നയിച്ചത്.