ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൃക്ക രോഗിയായ ബില്‍ സുമിയേല്‍. 72 വയസായി. യാത്രയ്ക്ക് ഊബര്‍ ടാക്സി വിളിച്ചു. ടിം ലെറ്റ്സ് എന്നയാളാണു ഡ്രൈവര്‍. യുഎസ് ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണ് ടിം ലെറ്റ്സ്. വിരമിച്ചശേഷം ഊബര്‍ ടാക്സി ഓടിക്കാറുണ്ട്. ടാക്സിയില്‍ കയറിയ ബില്ലും ടിമ്മും പരിചയപ്പെട്ടു, വിശേഷങ്ങള്‍ പറഞ്ഞു. 25 വര്‍ഷമായി പ്രമേഹ രോഗിയാണു ബില്‍. അന്നു തുടങ്ങിയ ചികിത്സയാണ്. അതിനിടിയിലാണു വൃക്കകള്‍ തകരാറിലായത്. വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവയവദാതാവിനെ അന്വേഷിക്കുകയാണ്. വൃക്കദാന പട്ടികയില്‍ ഊഴമനുസരിച്ചു കാത്തിരിക്കാതെ എത്രയും വേഗം ഒരു ദാതാവിനെ കണ്ടെത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വയസ് 72 ആയെങ്കിലും ജീവിക്കാനുള്ള കൊതി കൂടുകയാണെന്നും ബില്‍ പറഞ്ഞു. കഥ കേട്ട ടിം, ബില്ലിന്റെ വീടിനു മുന്നില്‍ അദ്ദേഹത്തെ ഇറക്കിവിടുമ്പോള്‍ പറഞ്ഞ വാക്കു കേട്ട് ബില്‍ അമ്പരന്നു പോയി. ‘എന്റെ വൃക്ക സ്വീകരിക്കാമോ?’ എന്നായിരുന്നു ആ ചോദ്യം. മറുപടി പറയാനാകാതെ വിസ്മയസ്തബ്ധനായ ബില്ലിന് തന്റെ പേരും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങള്‍ ഒരു കടലാസില്‍ എഴുതിക്കൊടുത്തു. ‘ആലോചിച്ചു തീരുമാനിച്ചശേഷം എന്നെ വിളിച്ചോളൂ, ഞാന്‍ റെഡി.’ അത്രയും പറഞ്ഞു കിം സ്ഥലംവിട്ടു. അങ്ങനെ അവര്‍ ഫോണില്‍ ബന്ധപ്പെടുകയും കിം വൃക്കദാതാവാകുകയും ചെയ്തു. മൂന്നു വര്‍ഷത്തെ ബില്ലിന്റെ കാത്തിരിപ്പ് അവസാനിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തശേഷം തന്നെ കാണാനെത്തിയ ടിമ്മിന്റെ ചിത്രം ബില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. നിരവധി പേരാണ് ടിമ്മിനെ അഭിനന്ദിച്ചത്.
ഡ്രൈവറുടെ വൃക്ക, യാത്രക്കാരനു രക്ഷ
