ആലപ്പുഴയിൽ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോൺഗ്രസുകാരോട് ഇതെല്ലാം നന്നാക്കി തരണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. ഡിസിസി ഓഫീസിലെത്തിയ നേതാക്കാളും പ്രവര്‍ത്തകരും കാണുന്നത് തല്ലിത്തകര്‍ത്ത അഞ്ച് ബാരിക്കേഡകളുമായി ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന പൊലീസുകാരെ. ഇത് നന്നാക്കി തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസുകാര്‍ നേതാക്കളെ അറിയിച്ചു.ഒടുവില്‍ പണിക്കാരെ വെച്ച് ബാരിക്കേഡുകള്‍ നന്നാക്കിത്തരാം എന്ന ഉറപ്പ് നല്‍കി നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ഇന്ധന വിലവര്‍ധനക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമരം. ജലപീരങ്കിയെ പോലും അവഗണിച്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ശക്തമായ ചെറുത്ത് നില്‍പ്പാണ് കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ നടത്തിയത്. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതാണ് പതിവ് സമര രീതി. പക്ഷെ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസുകാർ ഇന്നലെ ചെയ്തത് ബാരിക്കേഡുകള്‍ തന്നെ തകര്‍ത്ത് അപ്പുറത്തേക്കെത്താനായിരുന്നു.
ഇതിൽ പൊലീസിന്‍റെ അഞ്ച് ബാരിക്കേഡുകളാണ് തകര്‍ന്നത്. ഒപ്പം ഒരു വടവും നശിച്ചു. പ്രതിഷേധ സമരത്തിനൊടുവില്‍ പൊലീസ് എല്ലാവരേയും അറസ്റ്റ്ചെയ്തു സൗത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗതാഗതം തടസ്സപ്പെടുത്തിയതിന് കുറ്റവും ചുമത്തി ജാമ്യത്തില്‍ വിട്ടയച്ച് സ്റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ഇന്‍സ്പെക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ ഫോൺ വിളി ഉണ്ടായത്. ഇതോടെയാണ് തകര്‍ന്ന ബാരിക്കേഡുകളെല്ലാം പൊലീസുകാർ ഡിസിസി ഓഫീസിന് മുന്നില്‍ കൊണ്ടുപോയി ഇട്ടത്. പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് വേണ്ട, ബാരിക്കേഡ് ഞങ്ങള്‍ നന്നാക്കിത്തരാം എന്ന് കെ പി സി സി നേതാക്കൾ പറഞ്ഞു.ബാരിക്കേഡുകള്‍ നന്നാക്കി പൊലീസിനെ തിരികെ ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.