ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യാതിരുന്നതിന് മുരിയാട് പുല്ലർ സ്വദേശിക്ക് കോടതി രണ്ടായിരം രൂപ പിഴയിട്ടു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിലാണ് കോടതി നടപടി. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിക്കാതെ വന്നതിന് പിന്നാലെ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിഴയിടുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പ് വിശദമാക്കിയത്. ചൊവ്വാഴ്ച മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്നാണ് കണക്കുകൾ.