കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. അതോടൊപ്പം കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും പക്ഷേ നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചു. പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരനും, വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റിയും വ്യക്തമാക്കി.