പലപ്പോഴും പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ശരീരത്തിന് ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. കഠിനമായ ജോലി ഒന്നും ചെയ്യാതെതന്നെ സന്ധികള്‍ക്ക് വേദന തോന്നാറുണ്ടോ. ഇത് വൈറ്റമിന്‍ ഡിയുടെ അഭാവം മൂലമാകാം. കാല്‍സ്യത്തിന്റെ ആഗിരണത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. വൈറ്റമിന്‍ ഡി ധാരാളമടങ്ങിയ സാല്‍മണ്‍, മുട്ടയുടെ മഞ്ഞ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കുറച്ചു സമയം വെയില് കൊള്ളണം. നഖം പൊട്ടിപ്പോകാറുണ്ടോ, നഖത്തില്‍ പാടുകളും വിള്ളലും ഉണ്ടാകാറുണ്ടോ. ബയോട്ടിന്‍ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാകാമിത്. വൈറ്റമിന്‍ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുല്പന്നങ്ങള്, നട്സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്ളവര്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാവും. ചര്‍മം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിന്‍ ഡഫിഷ്യന്‍സി മൂലമാകാം. തലയിലെ താരനും ചര്‍മത്തിന്റെ വരള്‍ച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിന്‍, പിരിഡോക്സിന്‍ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങള്‍ അതായത് മുഴുധാന്യങ്ങള്‍, പൗള്‍ട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുല്പന്നങ്ങള് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകള്‍, പാടുകള്‍ ഇവ കവിള്, കൈ, തുടകള്‍ ഇവിടെയെല്ലാം കാണാം. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ഇത് ജനിതക പ്രശ്നമാകാം. എന്നാല്‍ ചിലപ്പോള്‍ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികള്‍, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാലിനടിയില്‍ പുകച്ചില്‍ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാല്‍ വൈദ്യസഹായം തേടണം. വൈറ്റമിന്‍ ബി12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ആണിത്. സ്ഥിരമായി ഈ വൈറ്റമിന്‍ ഡഫിഷ്യന്‍സി വന്നാല്‍ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും.