മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ മനോഹര മെലഡി എത്തി. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഈ ഇന്തോ-അറബിക് ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. നൂറ അല്‍ മര്‍സൂഖിയാണ് അറബിക് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തില്‍ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയിഷ ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകരും പാടുന്നുണ്ട്.
ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് നായകനാവുന്ന ജവാന്‍ റിലീസിനു മുന്‍പേ നേടിയ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് വാങ്ങിയിരിക്കുന്നത് 120 കോടി രൂപയ്ക്കാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടിവിയ്ക്കാണെന്നാണ് വിവരം. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം.
ഈ സാമ്പത്തിക വര്‍ഷം 10,000 കോടി ഡോളറിന്റെ (ഏകദേശം 8,12,567 കോടി രൂപ) നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയൊരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം സര്‍വകാല റെക്കോഡിട്ട് 8360 കോടി ഡോളറിന്റെ (6,79,296 കോടി രൂപ) വിദേശനിക്ഷേപം രാജ്യം സ്വീകരിച്ചിരുന്നു. 101 രാജ്യങ്ങളില്‍നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. ഉദാര സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും നിക്ഷേപസൗഹൃദനയത്തിന്റെയും പിന്‍ബലത്തില്‍ ഈവര്‍ഷം പതിനായിരം കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2021-22ല്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറഞ്ഞ് 877.8 കോടി രൂപയായിരുന്നു. കയറ്റുമതി 61 ശതമാനം ഉയര്‍ന്ന് 3260 ലക്ഷം ഡോളറിലെത്തിയെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഒരു ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്താല്‍ നാലു മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോണ്‍. നിലവില്‍ 14 നഗരങ്ങളില്‍ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് ആണ് ഈ സേവനം ലഭിക്കുക. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാല്‍, നാസിക്, നെല്ലൂര്‍, അനന്തപൂര്‍, വാറങ്കല്‍, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ വിവിധ പിന്‍കോഡുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ കൂടി ഇനിമുതല്‍ നാലു മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 97 ശതമാനത്തിന് മുകളിലുള്ള പിന്‍കോഡുകളില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടെന്നും ആമസോണ്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ടാറ്റ മോട്ടേഴ്സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം.അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്. ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. പുതിയ നിറത്തോടെ, ഒന്‍പത് നിറത്തിലാണ് വാഹനം എത്തുക. മാന്യൂവല്‍, എഎംടി ഗിയര്‍ബോക്സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.
മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ് ജാപ്പനീസ് കവി ബാഷോയുടെ ഓരോ കവിതയും. പരമമായ സത്വത്തെ ആലിംഗനം ചെയ്യുന്ന ജീവിതദര്‍ശനങ്ങള്‍ നിറഞ്ഞ ഈ കുറിപ്പുകള്‍ സ്‌നേഹത്തിന്റെയും ധ്വാനത്തിന്റെയും നിഗൂഢ സൗന്ദര്യത്ത കാണിച്ചുതരുന്നു. മുളങ്കാടുകള്‍ക്കുള്ളിലെ വീണയുടെ സാന്ത്വനം പോലെ ബോധത്തെ തൊട്ടുണര്‍ത്തുന്ന പുസ്തകം. ‘യാത്രാ ബാഷോ’. കെ ടി സൂപ്പി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 218 രൂപ.
ഒരു സ്ത്രീയുടെ ആര്‍ത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് ആര്‍ത്തവവിരാമം എന്ന് പറയുന്നത്. ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി ആര്‍ത്തവം ഉണ്ടാകാതിരിക്കുന്നത് ആര്‍ത്തവ വിരാമത്തെ സൂചിപ്പിക്കുന്നു. മിക്കവര്‍ക്കും 45 മുതല്‍ 55 വയസ്സിനുള്ളില്‍ ആര്‍ത്തവം നിലയ്ക്കാം. അപൂര്‍വം ചിലരില്‍ ഇത് നാല്‍പ്പത് വയസിന് ശേഷവും അല്ലെങ്കില്‍ ഗര്‍ഭപാത്രം, ഓവറി എന്നിവ നീക്കം ചെയ്യുന്നത് കൊണ്ടും സംഭവിക്കാം.
ആര്‍ത്തവവിരാമത്തിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഗര്‍ഭധാരണം പോലെ സ്ത്രീകള്‍ക്ക് ധാരാളം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ ഏറ്റക്കുറച്ചിലുകളോ അനുഭവപ്പെടാറുണ്ട്. ഇത് ഒന്നിലധികം രോഗലക്ഷണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകും. പല സ്ത്രീകളും അവരുടെ ജീവിതത്തിലെ ആര്‍ത്തവവിരാമ ഘട്ടത്തില്‍ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. വെരിക്കോസ് സിരകള്‍ പര്‍പ്പിള്‍ നിറത്തില്‍ കാലുകളില്‍ പ്രത്യക്ഷപ്പെടുന്നു. ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നതിനാല്‍ സ്ത്രീകള്‍ വെരിക്കോസ് വെയിനുകള്‍ക്ക് കൂടുതല്‍ ഇരയാകുന്നു. പ്രായം, ലിംഗഭേദം, ഗര്‍ഭധാരണം, കുടുംബ ചരിത്രം, പൊണ്ണത്തടി, ദീര്‍ഘനേരം നില്‍ക്കുന്നതോ ഇരിക്കുന്നതോ എന്നിവയാണ് വെരിക്കോസ് വെയ്‌നിന്റെ അപകട ഘടകങ്ങള്‍. ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുന്ന വര്‍ഷങ്ങളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വെരിക്കോസ് സിരകള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വര്‍ദ്ധിക്കുകയും തുടര്‍ന്ന് കുറയുകയും ചെയ്യുന്നു. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും വര്‍ദ്ധിച്ച അളവ് സിരകളുടെ ഭിത്തികളില്‍ നേര്‍ത്ത ഫലമുണ്ടാക്കുന്നു, ഇത് അവയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു. സിരകളില്‍ രക്തം തളംകെട്ടി, അവയുടെ വീക്കവും നീര്‍ക്കെട്ടും രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത് കാലിന് വീക്കം ഉണ്ടാക്കുന്നു. കുറച്ച് സ്ത്രീകള്‍ക്ക് വേദന, കാലിന്റെ ഭാരം, ചൊറിച്ചില്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍, കാലിന് മുകളിലുള്ള അള്‍സര്‍, ഈ വെരിക്കോസ് സിരകളില്‍ നിന്ന് പെട്ടെന്ന് രക്തസ്രാവം, രക്തം കട്ടപിടിക്കല്‍ എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ക്ക് ഒരു ജനറല്‍ സര്‍ജന്റെയോ വാസ്‌കുലര്‍ സര്‍ജന്റെയോ വിദഗ്ധ സഹായം ആവശ്യമാണ്.