ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുതിയ പാട്ട് പുറത്തിറക്കി ബീറ്റില്‍സ്. ബാന്‍ഡ് അംഗമായ ജോണ്‍ ലെനന്‍ കൊല്ലപ്പെട്ട് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് ബീറ്റില്‍സിന്റെ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്ക് ആരാധകര്‍ക്കരികിലേക്ക് എത്തുന്നത്. ജോണ്‍ ലെനന്റെ ശബ്ദം പഴയൊരു ട്രാക്കില്‍ നിന്ന് എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മരിക്കുന്നതിനു രണ്ട് വര്‍ഷം മുന്‍പ് ജോണ്‍ പാടിവച്ച ഗാനമാണിത്. ജോണിന്റെ വിധവയായ യോക്കോ ഓനോയാണ് 1994ല്‍ ബീറ്റില്‍സ് അംഗമായ പോള്‍ മക്കാര്‍ട്‌നിക്ക് ജോണിന്റെ ശബ്ദമടങ്ങിയ ടേപ്പ് കൈമാറിയത്. ബാന്‍ഡിലെ മറ്റ് അംഗങ്ങളായ റിങ്കോ സ്റ്റാര്‍, ജോര്‍ജ് ഹാരിസണ്‍ എന്നിവര്‍ ചേര്‍ന്ന് കസെറ്റിലെ മറ്റു രണ്ടു പാട്ടുകള്‍ നേരത്തേ പുറത്തിറക്കിയിരുന്നു. എന്നാല്‍ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്കില്‍ ജോണ്‍ ലെനന്റെ ശബ്ദം അവ്യക്തമായതിനാല്‍ റിലീസ് അനിശ്ചിതത്വത്തിലായി. ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശബ്ദം മെച്ചപ്പെടുത്തിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അന്തരിച്ച ജോര്‍ജ് ഹാരിസന്റെ ഗിറ്റാര്‍ ഈണക്കൂട്ടുകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയോജിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം ലോകത്തെ ഹരംകൊള്ളിച്ച ബീറ്റില്‍സിലെ അംഗങ്ങളെല്ലാവരും ഒരുമിച്ചെത്തുന്ന അവസാന ഗാനംകൂടിയാണ് ‘നൗ ആന്‍ഡ് ദെന്‍’.