ആരാധകർക്കാവേശം പകർന്ന് അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ജിയോവാനി ലോസെൽസോ ടീമിലില്ല
ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോ ടീമിലില്ല.
അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ. ലോസെല്‍സോക്ക് പകരം പപ്പു ഗോമസ് ടീമിലെത്തി. ഒപ്പം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ എസക്വീൽ പലാസിയോക്കും സ്കലോനി ടീമില്‍ ഇടം നല്‍കി.
പരെഡെസും ഡീ പോളും നയിക്കുന്ന മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാന്ദ്രോ ഗോമസ് എന്നിവരുമുണ്ട്. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മൊളിന, നിക്കോളാസ് ഒട്ടമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, ജുവാന്‍ ഫൊയ്ത്ത് തുടങ്ങിയ പ്രമുഖരാണ് പ്രതിരോധനിരയിലുള്ളത്.