രൂപയുടെ വിലയിടിവ് തുടരുന്നതിനിടെ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുത്തനെ കൂടി. 2024 ഡിസംബര്‍ വരെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിയത് 129.1 ബില്യണ്‍ ഡോളര്‍ (11,20,000 കോടി രൂപ.). കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വര്‍ധന. വര്‍ധനയുടെ തോതിലും ഇന്ത്യയാണ് മുന്നില്‍. വിദേശ ഇന്ത്യക്കാരുടെ പണം ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നത് യുഎസ്, യുഎഇ, സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. മെക്സിക്കോ (68 ബില്യണ്‍ ഡോളര്‍), ചൈന (48 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (40 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍ (33 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ പാകിസ്ഥാനിലേക്കുള്ള പണമിടപാടുകള്‍ 20 ശതമാനവും ബംഗ്ലാദേശിലേക്ക് 15 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ഡോളറിന്റെ കരുത്ത് കൂടല്‍, ഡിജിറ്റല്‍ പേയ്മെന്റ്, വികസിത രാജ്യങ്ങളിലെ ഉയര്‍ന്ന ശമ്പളം എന്നിവ പ്രവാസികളുടെ പണമയക്കല്‍ കൂടാന്‍ കാരണമാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ പ്രൊഫഷണലുകള്‍ ചൂണ്ടിക്കാട്ടുന്നു.