പ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ നോവല്‍ ‘തട്ടകം’ ഒരു മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അത് മുഴുമിപ്പിക്കാനുള്ള ശ്രമത്തിന്റെ കഥ പറയുകയാണ് രജിതന്‍ കണ്ടാണശ്ശേരി ‘തരങ്ങഴി ‘യിലൂടെ. അപൂര്‍ണ്ണമായി പ്രസിദ്ധീകരിക്കേണ്ടി വന്ന തട്ടകത്തിലെ മുപ്പിലിശ്ശേരിക്കഥകള്‍ തരങ്ങഴിയിലൂടെ കഥാകാരന്‍ പൂര്‍ത്തിയാക്കുന്നു. ഒപ്പം കോവിലന്റെ ജീവിതം തരങ്ങഴിയുടെ താളുകള്‍ക്ക് നിറം പകരുന്നു. മുപ്പിലിശ്ശേരി എന്ന കണ്ടാണശ്ശേരി ഈ കഥയില്‍ കാവിലശ്ശേരിയായും കോവിലന്‍ വരുണനായും കടന്നു വരുന്നു. തട്ടകത്തില്‍ കോവിലന്‍ പറഞ്ഞു വെച്ച ക്വിറ്റിന്ത്യാ സമരം നിറഞ്ഞു തുള്ളുന്ന കാലത്തില്‍ നിന്ന് ഇന്നലെകള്‍ വരെയുള്ള കാവിലശ്ശേരിയുടെ കഥകള്‍ ഈ നോവലില്‍ കാണാം. ‘തരങ്ങഴി’. രജിതന്‍ കണ്ടാണശ്ശേരി. ഡിസി ബുക്‌സ്. വില 499 രൂപ.