തലവേദന കൂടുതലും ടെന്‍ഷന്‍ അല്ലെങ്കില്‍ സ്ട്രെസ് മൂലമാണ് വരാറുള്ളത്. അപൂര്‍വ്വം ചിലത് നമ്മുടെ ശരീരത്തിലെ രോഗങ്ങള്‍ മൂലവും ആകാം. മിക്കവരിലും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദന എപ്പോഴങ്കിലും വന്നുകാണും. തലയ്ക്കു ചുറ്റും ഒരു കയര്‍ ശക്തമായി വരിഞ്ഞുമുറുക്കിയ മാതിരിയാണ് വേദനയെന്ന് ചിലര്‍ വിവരിക്കാറുണ്ട്. എന്നാല്‍, അടിക്കടിവന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ തലവേദന മൈഗ്രേന് അഥവാ കൊടിഞ്ഞി ആയിരിക്കണം. ഇടയ്ക്കിടക്ക് ജോലിക്കു പോകാന്‍ പറ്റാതെ വരുന്നതു മിക്കപ്പോഴും മൈഗ്രേന് മൂലമാകാം. ഇരുപതു ശതമാനം സ്ത്രീകളിലും ആറുശതമാനം പുരുഷന്മാരിലും മൈഗ്രേന് വരുന്നതായി കണക്കുകള്‍ കാണിക്കുന്നു. വെളിച്ചവും ശബ്ദവും ചിലരില്‍ വേദന കൂട്ടുന്നുണ്ട്. പലപ്പോഴും വാതിലും ജനലുമെല്ലാം അടച്ചു ചെവിയില്‍ പഞ്ഞിയും വെച്ച് ഉറങ്ങാന്‍ ചിലര്‍ ശ്രമിക്കും. ചിലരില്‍ ഒന്നോ രണ്ടോ വട്ടം ഛര്‍ദ്ദിച്ചാല്‍ ഈ തലവേദന മാറാറുമുണ്ട്. സ്ത്രീകളില്‍ മാസമുറയുമായി ബന്ധപ്പെട്ടു ചില ദിവസങ്ങളില്‍ തലവേദന കാണാറുള്ളതിനാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചെറിയ ഒരു കാരണമായി കരുതുന്നുണ്ട്. ടെന്‍ഷനും പിരിമുറുക്കവും തലവേദന പ്രവണത കൂടുതലാക്കുന്നുണ്ട്. തലവേദനയുള്ള സമയത്തു തലയ്ക്കു പുറമേയുള്ള രക്തധമനികള്‍ വികസിച്ചു നില്ക്കുന്നതായി കാണുന്നുണ്ട്. ഇതും ഹോര്‍മോണ്‍ അധിഷ്ഠിതമാകാം. ചികിത്സയ്ക്കായി വേദനസംഹാരി ഗുളികകള്‍ പലപ്പോഴും മതിയാകും. മാസത്തില്‍ നാലു പ്രാവശ്യത്തില്‍ കൂടുതല്‍ വരുന്നുണ്ടെങ്കില്‍ തടയുവാന്‍ തുടര്‍ച്ചയായി ചില മരുന്നുകള്‍ ദീര്‍ഘനാള്‍ കഴിക്കേണ്ടി വരും. പ്രഷറിനുള്ള ചില മരുന്നുകള്‍ വളരെ ചെറിയ അളവില്‍ പ്രയോജനപ്പെടാറുണ്ട്. വിഷാദ രോഗത്തിനു കൊടുക്കുന്ന ചില മരുന്നുകളും കൊടുക്കാറുണ്ട്. ടെന്‍ഷനും പിരിമുറുക്കവും കൊടിഞ്ഞി കൂടുതലാക്കാം.