ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്റെ ജിഡിപിയേക്കാള്‍ മുകളിലെന്ന് റിപ്പോര്‍ട്ട്. 36500 കോടി ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം. അതേസമയം പാകിസ്ഥാന്റെ ജിഡിപി ഏകദേശം 34100 കോടി ഡോളര്‍ മാത്രമാണ്. ഒരു വര്‍ഷത്തിനിടെ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള നിരവധി കമ്പനികള്‍ വലിയ നേട്ടങ്ങള്‍ കൊയ്തതാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ പ്രതിഫലിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ പകുതിയോടടുത്ത് വരുന്ന ടിസിഎസിന്റെ മൂല്യം മാത്രം പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ പകുതി വരും. 17000 കോടി ഡോളറാണ് ടിസിഎസിന്റെ വിപണി മൂല്യം. ഏകദേശം 15 ലക്ഷം കോടി രൂപ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടിസിഎസ്. 22-23 സാമ്പത്തിക വര്‍ഷത്തിലാണ് പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട് തുടങ്ങിയത്. അതിന് മുന്‍പുള്ള രണ്ടുവര്‍ഷ കാലയളവില്‍ ശരാശരി ആറുശതമാനം സാമ്പത്തിക വളര്‍ച്ച പാകിസ്ഥാന്‍ രേഖപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്കം അടക്കമുള്ള കാരണങ്ങളാണ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയത്. ജൂലൈ മുതല്‍ 2500 കോടി ഡോളറിന്റെ വിദേശകടം എങ്ങനെ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് പാകിസ്ഥാന്‍. ടാറ്റ ഗ്രൂപ്പില്‍ പ്രധാനമായി എട്ടു കമ്പനികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ നേട്ടം ഉണ്ടാക്കിയത്. ടിസിഎസിന് പുറമേ ടാറ്റ മോട്ടേഴ്സ്, ടൈറ്റാന്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളാണ് ഓഹരി വിപണിയില്‍ അടക്കം വന്‍മുന്നേറ്റം കാഴ്ച വെച്ചത്. അടുത്തിടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത ടാറ്റ ടെക്നോളജീസ് അടക്കമുള്ള ഈ കമ്പനികളുടെ ആസ്തി ഒറ്റ വര്‍ഷകൊണ്ട് ഇരട്ടിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.