അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറാന്‍ പോവുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിള്‍ ഉത്പന്നങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കുന്ന തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ ഗ്രൂപ്പിന്റെ കീഴില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാല വരുന്ന ആഗസ്‌തോടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 4,920 കോടി രൂപയിലധികം മൂല്യം വരുന്ന ഫാക്ടറിയാണിത്. പതിനായിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ആദ്യം വിസ്‌ട്രോണും ടാറ്റയും കരാര്‍ ഒപ്പിട്ടേക്കും. ഏകദേശം 600 കോടി ഡോളറിന്റെ ഇടപാടായിരിക്കും ഇതിന്റെ ഭാഗമായി നടക്കുക. ഐഫോണ്‍ 14, ഐഫോണ്‍ 12, ഐഫോണ്‍ 13 തുടങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് ഇതേ ഫാക്ടറിയിലാണ്. പുതിയ ഐഫോണ്‍ 15 നിര്‍മിക്കുന്നതിനായി ഫാക്ടറിയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ തായ്‌വാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. കര്‍ണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുന്നതിനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടിയുടെ ഐഫോണ്‍ നിര്‍മിച്ചുനല്‍കുമെന്നും വിസ്‌ട്രോണ്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനായി ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനും കമ്പനി തീരുമാനിക്കുകയുണ്ടായി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇക്കാര്യങ്ങള്‍ അവരുടെ ഉത്തരവാദിത്തമായി. ജൂണ്‍ പാദത്തില്‍ വിസ്‌ട്രോണ്‍ ഇന്ത്യയില്‍ നിന്ന് 4,100 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.