ഉയരക്കാരിയുടെ പറക്കല്‍ | ഏറ്റവും വലിയ മരതകക്കല്ല് | 50 വയസ്, മണിക്കൂറില്‍ 23 ബഞ്ചീ ജംപ് | കൊട്ടാരം വിട്ട പ്രണയം | സുന്ദരി പോലീസ്
ഉയരക്കാരിയുടെ പറക്കല്‍
ഏറ്റവും ഉയരമുള്ള വനിതയുടെ വിമാനയാത്ര. ഏഴടി ഏഴിഞ്ച് ഉയരവുമായി ഗിന്നസ് റിക്കാര്‍ഡിട്ട തുര്‍ക്കിക്കാരി റുമേയ്സാ ഗെല്‍ഗി. നാലു ലോക റിക്കാര്‍ഡുകളുടെ ഉടമയാണ് ഈ 24 കാരി. ലോകത്തെ ഏറ്റവും വലിയ ഉയരക്കാരിയുടെ ആദ്യ വിമാനയാത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. വീവെര്‍ സിന്‍ഡ്രോം ബാധിതയായ ഗെല്‍ഗി സാന്സ്ഫ്രാന്സികോയിലേക്കാണു പറന്നത്. സാധാരണ വീല്‍ ചെയറിലാണ് ഗെല്‍ഗിയുടെ യാത്ര. വിമാനയാത്രയ്ക്ക് ആവശ്യമായ 13 മണിക്കൂര്‍ വീല്‍ചെയറില്‍ ഇരിക്കാനാവില്ല. ടര്‍ക്കിഷ് എയര്‍ലൈനില്‍ ടിക്കറ്റു ബുക്കു ചെയ്തപ്പോഴേ ഉയരക്കൂടുതലുള്ള ഗെല്ഗിക്കു സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു. വിമാനക്കമ്പനി ഗെല്ഗിക്കുവേണ്ടി വിമാനത്തിലെ ഇക്കോണമി ക്ലാസിലുള്ള ആറു സീറ്റുകള്‍ നീക്കം ചെയ്തു. പകരം നീളമുള്ള സ്ട്രക്ചര്‍ ഉറപ്പിച്ചു. അങ്ങനെ സ്ട്രെക്ചറില്‍ കിടന്നാണു യാത്രചെയ്തത്. വിമാനയാത്രയുടെ ചിത്രങ്ങള്‍ ഗെല്‍ഗി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 2014 മുതല്‍ ഗെല്‍ഗി ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവാണ്. അന്ന് ഏറ്റവും ഉയരമുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡാണ് നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൈയുള്ള വനിത, ഏറ്റവും നീളമുള്ള വിരലുള്ള വനിത, ഏറ്റവും നീളമുള്ള ചുമലുള്ള വനിത എന്നീ റെക്കോര്‍ഡുകളും ഗെല്ഗിക്കാണ്.
ഉയരം അധികമായാലും വിനതന്നെ. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നു നമ്മുടെ കുഞ്ഞുണ്ണി മാഷ് പാടിയതു വെറുതെയല്ല.
—–
ഏറ്റവും വലിയ മരതകക്കല്ല്
ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്. ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മരതകക്കല്ലാണിത്. സിംബാബ്വെയില്‍നിന്നു കണ്ടെത്തിയ മരതകക്കല്ലാണു ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്. 7,525 കാരറ്റുള്ള ഈ മരതകക്കല്ലിന്റെ ഭാരം ഒന്നര കിലോഗ്രാം ആണ്. സാംബിയയിലെ കോപ്പര്‍ബെല്‍റ്റ് പ്രവിശ്യയില്‍നിന്നു 2021 ല്‍, കഴിഞ്ഞവര്‍ഷമാണ് ഈ മരതകക്കല്ല് കണ്ടെത്തിയത്. സാംബിയയിലെ ഖനിയില്‍നിന്ന് ജിയോളജിസ്റ്റായ മാനസ് ബാനര്‍ജി, റിച്ചാര്‍ഡ് കപെറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ മരതകക്കല്ലിന് ‘ചിപെംബെലെ’ എന്നു പേരിട്ടു. കാണ്ടാമൃഗം എന്നാണ് അര്‍ത്ഥം. ഖനിയില്‍നിന്ന് അടുത്തിടെ രണ്ടു മരതകക്കല്ലുകള്കൂടി കണ്ടെടുത്തിരുന്നു. ആന എന്ന് അര്‍ത്ഥമുള്ള ഇന്‍സോഫു എന്ന മരതകക്കല്ല് 2010 ല്‍ കണ്ടെത്തിയിരുന്നു. 2018 ല്‍ സിംഹം എന്ന് അര്‍ത്ഥമുള്ള ഇങ്കലാമു എന്ന മരതകക്കല്ലും കണ്ടെത്തി. ഇപ്പോള്‍ കണ്ടെത്തിയ ചിപെംബെലെ മരതകക്കല്ല്, അന്താരാഷ്ട്ര വജ്രവ്യാപാരികളായ ഇഷെദാണു സ്വന്തമാക്കിയത്. അദ്ദേഹമാണ് ലോകത്തെ ഏറ്റവും വലിയ മരതകക്കല്ല് എന്ന അവകാശവാദവുമായി ഗിന്നസ് അധികൃതരെ സമീപിച്ച് ലോകറിക്കാര്‍ഡ് സ്വന്തമാക്കിയത്.
മരതക കാന്തി വിങ്ങി വിങ്ങി എന്ന വരികള്‍ ഓര്‍ത്തുപോകുന്നു. കേരളത്തിന്റെ പച്ചത്തഴപ്പാര്‍ന്ന സൗന്ദര്യത്തെ വാഴ്ത്തിയാണു ചങ്ങമ്പുഴ അങ്ങനെ പാടിയത്.
—–
50 വയസ്, മണിക്കൂറില്‍ 23 ബഞ്ചീ ജംപ്
ഒരു മണിക്കൂറിനകം 23 തവണ ബഞ്ചീ ജംപിംഗ് നടത്തി ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ് അമ്പതുകാരിയായ ലിന്‍ഡാ പോട്ട്ഗീറ്റര്‍. ദക്ഷിണാഫ്രിക്കക്കാരിയാണ്. ദക്ഷിണാഫ്രിക്കയിലെ ഉയരം കൂടിയ പാലമായ ബ്ലൗക്രാന്‍സ് ബ്രിഡ്ജില്നിന്നാണ് ലിന്‍ഡയുടെ സാഹസിക ചാട്ടം. ബ്ലൗക്രാന്‍സ് നദിയില്‍നിന്ന് 216 മീറ്റര്‍ മുകളിലാണ് പാലം. എല്ലാ രണ്ടു മിനിറ്റിലും ഒരു ജംപ് വീതം പൂര്‍ത്തിയാക്കിയാണ് ലിന്‍ഡ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. ഒരു മണിക്കൂറില്‍ ഏറ്റവുമധികം ബഞ്ചി ജംപ്സ് എന്ന നേട്ടമാണ് ഇവര്‍ സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ വേഫറോണിക്ക ഡീന്‍ ഇതേ സ്ഥലത്തുവച്ച് 19 വര്‍ഷം മുമ്പു കുറിച്ച റെക്കോര്‍ഡാണ് ലിന്‍ഡ പൊളിച്ചടക്കിയത്. പ്രകടനം തുടങ്ങി 23 ാം മിനിറ്റില്‍ പത്താമത്തെ ചാട്ടത്തോടെ ലിന്‍ഡ മുന്‍ റെക്കോര്‍ഡ് മറികടന്നു. ഈ റെക്കോര്‍ഡ് മറ്റാരെങ്കിലും മറികടക്കാന്‍ എളുപ്പമല്ലെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡിലെ ജൂറിയംഗമായ സോഫിയ പറയുന്നു. എന്തായാലും ബഞ്ചീ ജംപിംഗ് നടത്തുന്ന ലിന്‍ഡാ പോട്ട്ഗീറ്ററിന്റെ വീഡിയോ യൂട്യൂബിലൂടെ വൈറലായി.
നിശ്ചയദാര്‍ഡ്യവും പരിശീലനവുമുണ്ടെങ്കില്‍ പ്രായത്തെയും സമയത്തേയുമെല്ലാം മറികടക്കാം.
—-
കൊട്ടാരം വിട്ട പ്രണയം
പ്രണയത്തിനു കണ്ണില്ല, മൂക്കില്ല എന്നു പഴമൊഴി. പ്രണയ സാഫല്യത്തിനായി അമൂല്യമായതെല്ലാം ത്യജിക്കുന്നവരുണ്ട്. നോര്‍വേയിലെ രാജകുമാരി മാര്‍ത്ത ലൂയിസ് പ്രണയ സാഫല്യത്തിനായി രാജകുമാരി പദവിയും കൊട്ടാരവുമെല്ലാം ഉപേക്ഷിച്ചു. ഈ രാജകുമാരിക്കു വയസ് 51. അമേരിക്കയിലെ 47 കാരനായ ഡ്യൂറെക് വെററ്റുമായാണു മാര്‍ത്ത ലൂയിസ് രാജകുമാരിയുടെ പ്രണയം. മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വരന് ഡ്യൂറെക് വെററ്റ് ആരാണെന്നോ? ഒരു മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമാണ്. ഇങ്ങനെയൊരാളെ നോര്‍വേ രാജകൊട്ടാരം എങ്ങനെ സ്വീകരിക്കുമെന്ന് ജനം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വിവാദങ്ങളുടെയും ആക്ഷേപങ്ങളുടേയും വെടിക്കെട്ടുതന്നെ ഉണ്ടാകുമെന്നു പലരും കരുതി. അപ്പോഴാണ് രാജകുമാരി കൊട്ടാരം വിട്ടിറങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. നേരത്തെ മാര്‍ത്തയും ഭാവിവവരനും ചേര്‍ന്ന് വിവിധ ചികിത്സാരീതികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുന്‍ വിവാഹത്തില്‍ രാജകുമാരിക്കു മൂന്ന് പെണ്മക്കളുണ്ട്. വിവാഹശേഷം മാര്‍ത്ത ഭര്‍ത്താവ് ഡ്യൂറെകിനൊപ്പം കാലിഫോര്‍ണിയയിലായിരിക്കും താമസിക്കുക.
പ്രണയം അങ്ങനെയാണ്. എന്നാല്‍ പ്രണയച്ചതിയും പ്രണയപ്പകയുമെല്ലാമാണു നാം ഇവിടെ കാണുന്നത്.
—-
സുന്ദരി പോലീസ്
ലോകത്തെ ഏറ്റവും സുന്ദരിയായ പൊലീസുകാരിയെ പരിചയപ്പെടാം. ലോകം അറിയുന്ന മോഡല്‍ എന്ന നിലിയിലും സാമൂഹ്യ മാധ്യമങ്ങളിലെ ഇന്‍ഫ്ളൂവന്‍സര്‍ എന്ന നിലയിലുമാണ് ഈ പോലീസ് ഓഫീസറുടെ പ്രശസ്തി. കൊളംബിയയിലെ മെഡലിനില്‍ നിന്നുള്ള ഒരു വനിതാ പൊലീസ് ഓഫീസര്‍ ഡയാന റാമിറസ് ഈ മിന്നുംതാരം. ഇന്‍സ്റ്റഗ്രാമില്‍ നാലു ലക്ഷം ഫോളോവേഴ്സുണ്ട്. ധാരാളം ഫോളോവേഴ്സുള്ള പ്രൊഫഷണലുകള്‍ക്കു സമ്മാനിക്കുന്ന ഇന്‍സ്റ്റാഫെസ്റ്റ് അവാര്‍ഡ് ഡയാനയ്ക്കു ലഭിച്ചു. ‘ബെസ്റ്റ് പൊലീസ് ഓര് മിലിറ്ററി മിലിറ്ററി ഇന്‍ഫുളവന്‍സര്‍ ഓഫ് ദ ഇയര്‍’ എന്ന പുരസ്കാരമാണ് ഈയിടെ ഡയാനയ്ക്കു ലഭിച്ചത്. ഇതോടെ ഡയാനയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരംനേടി. മോഡലിംഗിലും സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന ഡയാനയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതു പോലീസ് ജോലിയാണ്. പോലീസ് ജോലി അവസാനിപ്പിച്ച് മോഡലിംഗിലും സോഷ്യല്‍ മീഡിയ ആക്ടിവിസത്തിലും കൂടുതല്‍ ശ്രദ്ധിച്ചുകൂടേയെന്ന് ചോദിച്ചവരോട് ‘ഒരിക്കലുമില്ല’ എന്നാണു ഡയാന പ്രതികരിച്ചത്. പോലീസ് ജോലി തനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. പോലീസ് ജോലി നിലനിര്‍ത്താന്‍ വേണ്ടിവന്നാല്‍ മോഡലിംഗും സോഷ്യല്‍ മീഡിയ ആക്ടിവിസവും അവസാനപ്പിക്കുകയേയുള്ളൂവെന്നാണു ഡയാനയുടെ പ്രതികരണം.
കേരള പോലീസിലുമുണ്ട്, ഡയാനയേക്കാള്‍ മിടുക്കികള്‍.