മലയാളിയായ പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ജൂലിയാന’. ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു അപായ സാഹചര്യത്തില്‍പെടുന്ന കേന്ദ്ര കഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ‘ജൂലിയാന’യുടെ ഇതിവൃത്തം. ‘ജൂലിയാന’യില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. മാത്രവുമല്ല കേന്ദ്ര കഥാപാത്രത്തിന്റെ മുഖം ചിത്രത്തില്‍ കാണിക്കുന്നില്ല എന്നതും ‘ജൂലിയാന’യെ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സിനിമയായി മാറ്റുന്നു. ലോകത്തിലെ സംഭാഷണമില്ലാത്ത ആദ്യ സര്‍വൈവല്‍ ചിത്രവുമാണ് ‘ജൂലിയാന’. സ്‌നേഹവും പ്രതീക്ഷയും പേറുന്ന ‘ജൂലിയാന’യിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്. ഷിനോയ് മാത്യുവും ബാദുഷയുമാണ് ‘ജൂലിയാന’യെന്ന ചിത്രം പെന്‍ & പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസിന്റെയും ബാനറില്‍ നിര്‍മിക്കുന്നത്. പ്രശാന്ത് മാമ്പുള്ളിയുടേതാണ് ചിത്രത്തിന്റെ രചനയും.