പലപ്പോഴും ഉള്ളിലെ വികാരങ്ങള്‍ അടിച്ചമര്‍ത്തിയാണ് ഭൂരിഭാഗം ആളുകളും ജീവിക്കുന്നത്. നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതില്‍ അവിഭാജ്യ ഘടകമാണ് വികാരങ്ങള്‍. അവയുടെ ബാഹ്യപ്രകടനം അടിച്ചമര്‍ത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്ന് അടുത്തിടെ അഫക്ടീവ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. വികാരങ്ങള്‍ യാതൊരു തടസവുമില്ലാതെ പ്രകടിപ്പിക്കുന്നത് തികച്ചും ആരോഗ്യപ്രദമാണ്. എന്നാല്‍ ചില സാമൂഹിക കാരണങ്ങളാള്‍ ഉള്ളില്‍ പുകഞ്ഞു വരുന്ന വികാരങ്ങളെ നമുക്ക് നിയന്ത്രിക്കേണ്ടി വരുന്നു. വികാരങ്ങളുടെ പ്രത്യേകിച്ച് പോസിറ്റീവ് വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെയും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്ന് പഠനം പറയുന്നു. വികാരങ്ങള്‍ പലപ്പോഴും യുക്തിക്ക് നേരെ വിപരീതമാണ്. ആളുകളുടെ ഏറ്റവും ദുര്‍ബലമായ ഭാഗങ്ങള്‍ ഇത്തരത്തില്‍ ക്രമരഹിതമായി പുറത്തു വരുന്ന വികാരങ്ങള്‍ തുറന്നു കാണിക്കുന്നു. അതുകൊണ്ട് തന്നെ വികാരങ്ങളെ മറച്ചുപിടിക്കുക എന്നത് സ്വഭാവികമായിരിക്കുന്നു. ‘ഒരുപാട് ചിരിച്ചാല്‍ ഒടുവില്‍ കരയേണ്ടി വരും’ എന്ന് കുട്ടിക്കാലം മുതല്‍ കേട്ടിട്ടില്ലേ? ഇത് സന്തോഷവും പോസിറ്റീവുമായ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു. പോസിറ്റീവ് ആയ വികാരങ്ങള്‍ മറച്ചുപിടിക്കുന്നത് സ്വയം സത്യസന്ധത പുലര്‍ത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു.