ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ വെബ് വേര്‍ഷനിലും, മൊബൈല്‍ വേര്‍ഷനിലും വാട്‌സ്ആപ്പ് പ്രത്യേക അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. മൊബൈല്‍ വേര്‍ഷനെ അപേക്ഷിച്ച്, വെബ് വേര്‍ഷനില്‍ താരതമ്യേന ഫീച്ചറുകള്‍ കുറവാണ്. എന്നാല്‍, ഇത്തവണ വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. വെബ് വേര്‍ഷനില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്‌സ്ആപ്പ് രൂപം നല്‍കിയിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ അപ്‌ഡേറ്റായി ഷെയര്‍ ചെയ്ത് കഴിഞ്ഞാല്‍ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും പച്ച വളയം പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ടാപ്പ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ കാണാന്‍ സാധിക്കും. ഡെസ്‌ക്ടോപ്പുകളില്‍ വാട്‌സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണിത്. സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി കമ്മ്യൂണിറ്റിക്കും, ചാനലിനും ഇടയിലായാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാറ്റസ് പ്ലസ് ഐക്കണില്‍ ക്ലിക്ക് ചെയ്തും, പ്രൊഫൈല്‍ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കണില്‍ തന്നെ ടാപ്പ് ചെയ്തും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭിക്കുന്നതാണ്.