മയക്കുമരുന്ന് കടത്തും വിതരണവും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മേഖലാ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുo നിർദ്ദേശം നൽകി. കർശന പരിശോധനയും, ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ച ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല സ്പെഷ്യൽ ബ്രാഞ്ചുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുo. കാപ്പ നിയമപ്രകാരം നടപടികൾ കൈക്കൊള്ളുന്നത് കൂടുതൽ ഊർജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയസംഘങ്ങളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ശരീരത്തിൽ ഘടിപ്പിച്ചും വാഹനങ്ങളിൽ സ്ഥാപിച്ചും പ്രവർത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.