തമിഴ് ജനതയോട് മോദിക്ക് ഇത്ര വിദ്വേഷം എന്തിനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ് ജനതയെ അവഹേളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരി ക്ഷേത്രത്തിന്റെ താക്കോൽ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്തെ അപമാനിച്ചു. തമിഴ് ജനതയെ മോഷ്ടാക്കളും വിദ്വേഷ പ്രചാരകരും ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു. പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ ഒരിക്കലും സുരക്ഷിതമല്ലെന്ന് ഒഡിഷയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്റെ കാണാതായ താക്കോൽ തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്നും മോദി പറഞ്ഞു. എന്നാൽ ഇത്രയും അറിവുണ്ടെങ്കിൽ പ്രധാനമന്ത്രി ഇക്കാര്യം അന്വേഷിക്കണമെന്ന് ബിജെഡിയും വ്യക്തമാക്കി.
മോദിക്കെതിരെ വിമർശനവുമായി സ്റ്റാലിൻ
