ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. അദ്ദേഹത്തെക്കുറിച്ച് അറിയാക്കഥകളിലൂടെ ഇനിയും ഏറെ അറിയാനുണ്ട്….!!!
ഒരു കവി കൂടിയായിരുന്നു ശ്രീനാരായണ ഗുരു . അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ.
കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ ഉണ്ടായിരുന്നു.
1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. ഒരു ക്ഷേത്രം നിർമ്മിച്ചു ശിവപാർവതിമാരെ അദ്ദേഹം വർക്കലയിലെ ശിവഗിരിയിൽ പ്രതിഷ്ഠ നടത്തി. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആശ്രമത്തിന് ശിവഗിരി എന്ന പേര് ഉണ്ടാകാൻ കാരണം.
സാധാരണ ക്ഷേത്രങ്ങളിലേതുപോലെ അഭിഷേകം, നിവേദ്യം തുടങ്ങിയവ ഇവിടെ പതിവില്ല. 1912-ൽ ശിവഗിരിയിൽ വിദ്യാ ഭഗവതിയായ സരസ്വതി ദേവിക്ക് വേണ്ടി ഒരു ശാരദാക്ഷേത്രവും നിർമ്മിച്ചു.1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം.
ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.1918 – 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 – ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ “ഏകമതം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്. ശ്രീനാരായണഗുരു പറഞ്ഞത് ഇതൊക്കെയായിരുന്നു. ഇനിയും അറിയാനുണ്ട് നിരവധി കാര്യങ്ങൾ. അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ അത് നിങ്ങളിലേക്ക് എത്തും.