വട്ടത്തിലുള്ള ചക്രമാണു നാം വാഹനങ്ങള്‍ക്കെല്ലാം കണ്ടിട്ടുള്ളത്. എന്നാല്‍ ചതുരത്തില്‍ ചക്രങ്ങളുമായി ഒരു സൈക്കിള്‍ പുറത്തിറക്കിയാല്‍ എങ്ങനെ ചക്രങ്ങള്‍ ഉരുളും, എങ്ങനെ സൈക്കിള്‍ ഓടിക്കാനാകും? ചതുരചക്രങ്ങളില്‍ സൈക്കിളെന്നല്ല ഒരു വാഹനവും ഓടില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ചതുര ചക്രം ഘടിപ്പിച്ചും സൈക്കിള്‍ ചവിട്ടാമെന്നു തെളിയിച്ചിരിക്കുകയാണ് എന്‍ജിനീയര്‍ സെര്‍ജി ഗോര്‍ഡീവ്. സാങ്കേതിക വിദ്യകള്‍ പങ്കുവയ്ക്കുന്ന ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് സെര്‍ജി ഗോര്‍ഡീവ്. ചതുരചക്രങ്ങളുള്ള സൈക്കിള്‍ ഓടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ടാങ്കുകളുടെ പല്‍ചക്ര ബെല്‍റ്റിനു സമാനമായ ബെല്‍റ്റാണ് ചതുരത്തിലുള്ള ചക്രത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. സൈക്കിളിന്റെ പെഡല്‍ ചവിട്ടുമ്പോള്‍ ചതുരചക്രം തിരിയില്ല. എന്നാല്‍ ചതുരചക്രത്തിനു ചുറ്റുമുള്ള പല്‍ചക്ര ബെല്‍റ്റ് തിരിയുന്നതോടെ സൈക്കിള്‍ മുന്നോട്ടു കുതിക്കും. എന്തായാലും ചതുരചക്ര സൈക്കിളിന്റെ വീഡിയോക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണു ലഭിച്ചത്.