പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകളിൽ ഒരുകെട്ട് കാണാതായി. പോസ്റ്റൽ ബാലറ്റുകളിലെ ഒരു പാക്കറ്റ് കാണാനില്ലെന്ന് റിട്ടേണിംഗ് ഓഫീസർ ഹൈക്കോടതി ജഡ്ജിന് റിപ്പോർട്ട് നൽകി. ടേബിൾ അഞ്ചിൽ എണ്ണിയ പോസ്റ്റൽ ബാലറ്റിലെ ഒരു കെട്ടാണ് കാണാതായത്. ഈ പോസ്റ്റൽ ബാലറ്റ് കൗണ്ട് ചെയ്തുവെന്നതിന്റെ രേഖകൾ കൈവശമുണ്ട്. കൗണ്ടിംഗ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒപ്പിട്ടതിനും രേഖകളുണ്ട്. 482 ബാലറ്റുകളായിരുന്നു കാണാതായ കെട്ടിലുണ്ടായിരുന്നത്. ഹോസ്റ്റൽ ബാലറ്റ് കെട്ട് കാണാതായതിൽ വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ കൂടിയായ റിട്ടേണിംഗ് ഓഫീസർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വോട്ട് കാണാതായത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അട്ടിമറി സൂചനയുണ്ടെന്ന് റിപ്പോർട്ടിലില്ല. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ പെരിന്തൽമണ്ണ ട്രഷറിയിൽ എത്തിയപ്പോഴാണ് വോട്ട് പെട്ടി കാണാതായെന്ന് വ്യക്തമായത്. ഇത് പിന്നീട് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റർ ഓഫീസിൽ കണ്ടെത്തി. പക്ഷേ ഇതിൽ ഒരു കെട്ട് കാണാനില്ലെന്നാണ് പുതിയ വിവരം.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകളിൽ ഒരുകെട്ട് കാണാതായി
