വിനോദയാത്ര എല്ലാവര്ക്കും ഇഷ്ടമാണ്. കൂട്ടുകൂടി കാറിലും ടൂറിസ്റ്റു ബസിലും ട്രെയിനിലും വിമാനത്തിലും കപ്പലിലുമെല്ലാം ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് ഉല്ലാസ യാത്ര നടത്തുന്ന കാലമെല്ലാം പോയി. ഇപ്പോള്‍ ബഹിരാകാശ പേടകത്തിലോ റോക്കറ്റിലോ കയറി ബഹിരാകാശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നവരുടെ കാലമാണ്. ബഹിരാകാശത്തേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്ന വന്‍കിട കമ്പനികളുമുണ്ട്. ബഹിരാകാശ ഉല്ലാസയാത്രയല്ല ഇപ്പോഴത്തെ വിശേഷം. വിവാഹം ബഹിരാകാശത്തു നടത്തിയാലോ? വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നെല്ലാമാണു വിശ്വാസം. വിമാനത്തിലും കപ്പലിലുമെല്ലാം വിവാഹാഘോഷം നടത്തിയവരുണ്ട്. എന്നാല്‍ ബഹിരാകാശത്തു വിവാഹം നടത്താമെന്ന വാഗ്ദാനവുമായാണ് ഒരു ബഹിരാകാശ യാത്രാ കമ്പനിയായ സ്പേസ് പെര്‍സ്പെക്റ്റീവ് കാംപെയിന് ആരംഭിച്ചിരിക്കുന്നത്. അത്യാഡംബര സൗകര്യങ്ങളുള്ള നെപ്ട്യൂണ്‍ ബഹിരാകാശ പേടകത്തില്‍ വിവാഹാഘോഷം നടത്താമെന്നാണു വാഗ്ദാനം. ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്പേസ് ബലൂണ്‍ ഉപയോഗിച്ചാണ് ഉയര്‍ത്തുക. വധൂവരന്മാര്ക്ക് നെപ്ട്യൂണ്‍ പേടകത്തില്‍ സുഖമായി ഇരിക്കാം. ബഹിരാകാശത്തു പറന്ന് കോക്ക്ടെയിലുകള്‍ രുചിക്കാം. ഇതിനൊക്കെ എന്തു ചെലവു വരും? നിസാരം. ഒരു സീറ്റിന് ഒരു കോടി രൂപ. അടുത്ത വര്‍ഷം പദ്ധതി ആരംഭിക്കും. ആവശ്യക്കാര്‍ ഉടനേ ബുക്കു ചെയ്തോളൂട്ടോ. ഇതിനടകം ആയിരത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണു കമ്പനി അവകാശപ്പെടുന്നത്. അമേരിക്കന്‍ എയ്റോസ്പേസ് എക്സിക്യൂട്ടീവും എഴുത്തുകാരിയും പ്രഭാഷകയുമായ ജെയ്ന്‍ പോയിന്റര്‍ ആണ് ആഡംബര ബഹിരാകാശ യാത്രാ കമ്പനിയായ സ്പേസ് പെര്‍സ്പെക്റ്റീവിന്റെ സ്ഥാപകയും സഹ-സിഇഒയും. എന്നാല്‍ പിന്നെ സമയം കളയേണ്ട, ഇപ്പോള്‍തന്നെ ബുക്കു ചെയ്യാം.
ബഹിരാകാശ കല്യാണം
