2019-20 കാലയളവില്‍ നിക്ഷേപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇപ്പോള്‍ തിരികെയെടുക്കാം. 2019-ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 4.44 ലക്ഷം രൂപ തിരികെ ലഭിക്കും. ഏഴു വര്‍ഷ കാലയളവിനുള്ളില്‍ നിക്ഷേപത്തുകയുടെ മൂന്നരയിരട്ടിയിലധികമാണ് നേട്ടം. ഈ സീരീസില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു യൂണിറ്റിന് 15,310 രൂപയാണ് തിരികെയെടുക്കല്‍ തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഏഴു വര്‍ഷത്തിനിടെ 344 ശതമാനമാണ് നേട്ടം. ഓണ്‍ലൈന്‍ വഴി നിക്ഷേപിച്ചവര്‍ അന്ന് ഒരു യൂണിറ്റിന് 3,449 രൂപയാണ് മുടക്കിയത്. ഇതുപ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 28.99 യൂണിറ്റുകള്‍ ലഭിച്ചു. ആര്.ബി.ഐ. നിശ്ചയിച്ച 15,310 രൂപ നിരക്കില്‍ ഈ യൂണിറ്റുകള്‍ പണമാക്കുമ്പോള്‍ 4,44,836 രൂപ ലഭിക്കും. തിരികെയെടുക്കല്‍ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വര്‍ണവിലയുടെ ശരാശരി എടുത്താണ് വില നിശ്ചയിക്കുന്നത്. 999 ശുദ്ധിയുള്ള (24 കാരറ്റ്) സ്വര്‍ണത്തിന്റെ വിലയാണ് പരിഗണിക്കുക.
