പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎമ്മില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും. ആന്ത്രോപിക് വികസിപ്പിച്ച ക്ലൗഡ് എഐ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് പേടിഎം പുതിയ സേവനം നടപ്പിലാക്കാന്‍ പോകുന്നത്. ഇതുവഴി ഇടപാടുകള്‍, റീഫണ്ടുകള്‍, സെറ്റില്‍മെന്റ് വിവരങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ വ്യത്യസ്ത ഡാഷ്‌ബോര്‍ഡുകളുടെ ആവശ്യമില്ല. പേടിഎം പേയ്മെന്റ് ഗേറ്റ്വേ സേവനങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനി മുതല്‍ ലളിതമായ എഐ നിര്‍ദ്ദേശങ്ങളിലൂടെ തങ്ങളുടെ പേയ്മെന്റ് വിവരങ്ങള്‍ പരിശോധിക്കാനാകും. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ് ആണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഡെവലപ്പര്‍മാര്‍ക്കും ബിസിനസ്സുകാര്‍ക്കും തങ്ങളുടെ പേയ്മെന്റ് വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
