കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ 2022-23 സാമ്പത്തികവര്‍ഷത്തെ മാര്‍ച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 16.65 ശതമാനം വര്‍ദ്ധിച്ച് 72,107 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് 31ല്‍ വായ്പകള്‍ 61,816 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 89,142 കോടി രൂപയില്‍ നിന്ന് 2.82 ശതമാനം ഉയര്‍ന്ന് 91,652 കോടി രൂപയായി. 30,215 കോടി രൂപയാണ് കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം. കഴിഞ്ഞവര്‍ഷത്തെ 29,601 കോടി രൂപയെ അപേക്ഷിച്ച് 2.07 ശതമാനം അധികമാണിത്. അതേസമയം, കാസ അനുപാതം 33.21 ശതമാനത്തില്‍ നിന്ന് നേരിയ ഇടിവുമായി 32.97 ശതമാനത്തിലെത്തി. വായ്പകളിലെ മികച്ച നേട്ടം ഇന്നലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ക്ക് ഉണര്‍വായി. എന്‍.എസ്.ഇയില്‍ ഓഹരിവില 14.65 രൂപയില്‍ നിന്ന് ഒരുവേള 5 ശതമാനത്തിലേറെ മുന്നേറി 15.60 രൂപവരെയെത്തി. വ്യാപാരാന്ത്യം വില 15.40 രൂപയാണ്.