വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 20ന് പ്രാബല്യത്തില്‍ വരും. എം.സി.എല്‍.ആര്‍ ഉയര്‍ത്തിയതിനാല്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് ബാദ്ധ്യത കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.സി.എല്‍.ആര്‍ വര്‍ദ്ധന ബാധകം. പുതുക്കിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.25 ശതമാനത്തില്‍ നിന്ന് 9.35 ശതമാനവും ഒരുമാസക്കാലാവധി ഉള്ളവയുടേത് 9.30ല്‍ നിന്ന് 9.40 ശതമാനവുമാകും. മൂന്നുമാസ കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ നിരക്ക് 9.45 ശതമാനം; നിലവില്‍ ഇത് 9.35 ശതമാനമാണ്. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്ന് 9.50 ശതമാനമാകും. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പുതിയ നിരക്ക് 9.70 ശതമാനം; നിലവിലെ നിരക്ക് 9.65 ശതമാനമാണ്. കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.സി.എല്‍.ആര്‍ കൂട്ടിയിരുന്നു. ഇതോടെ അന്നുമുതല്‍ ഇതിനകം ഓവര്‍നൈറ്റ്, ഒരുമാസ കാലാവധിയുള്ള വായ്പയുടെ നിരക്ക് കൂടിയത് 0.65 ശതമാനമാണ്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്നാണ് 9.70 ശതമാനത്തിലെത്തിയത്.