Untitled 1 27

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രത്തിലെ ഗാനം പുറത്തെത്തി. ‘ആത്മാവിന്‍ സ്വപ്‌നങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരന്‍ ആണ്. ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വേറിട്ട ഒരു പ്രചരണ രീതി കൊണ്ട് ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം. അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന, വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുകയാണ് അണിയറക്കാര്‍ ചെയ്തത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തിന്റെ ഒരു ബാല്യകാല ചിത്രമാണ്. ഒരു വലിയ സൈക്കിള്‍ ഇരിക്കുന്ന മുകുന്ദനുണ്ണിയാണ് ചിത്രത്തില്‍. തൊട്ടരികില്‍ ചേര്‍ത്തുപിടിച്ച് അച്ഛന്‍ നില്‍പ്പുണ്ട്. ക്യാപ്ഷനാണ് പോസ്റ്റിനെ വൈറല്‍ ആക്കിയത്. ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം.’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. 3700ല്‍ ഏറെ റിയാക്ഷനുകളും ആയിരത്തിലേറെ കമന്റുകളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന്‍ പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. നവംബര്‍ 11ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍പാദത്തില്‍ 13,656 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 13,680 കോടി രൂപയേക്കാള്‍ 0.18 ശതമാനം കുറവാണിത്. വരുമാനം 1.74 ലക്ഷം കോടി രൂപയേക്കാള്‍ 33.74 ശതമാനം ഉയര്‍ന്ന് 2.32 ലക്ഷം കോടി രൂപയായി. റിലയന്‍സ് റീട്ടെയില്‍ 36 ശതമാനം വര്‍ദ്ധനയോടെ 2,305 കോടി രൂപ ലാഭം നേടി. ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ വിര്‍ച്വല്‍ സാങ്കേതികവിദ്യയായ മെറ്റവേഴ്‌സിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 28 ശതമാനം വളര്‍ച്ചയോടെ 4,518 കോടി രൂപയായി. 2021ലെ സമാനപാദലാഭം 3,528 കോടി രൂപയായിരുന്നു. പ്രവര്‍ത്തനവരുമാനം 18,735 കോടി രൂപയില്‍ നിന്ന് 20.2 ശതമാനം ഉയര്‍ന്ന് 22,521 കോടി രൂപയായി. ശരാശരി ഉപഭോക്തൃ വരുമാനം (എ.ആര്‍.പി.യു) 177.20 രൂപയാണ്.

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്നലെയും ഇന്നുമായി നടക്കുന്ന ‘ധന്‍തേരസ്’ വില്പനയിലൂടെ പ്രതീക്ഷിക്കുന്നത് 40,000 കോടി രൂപയുടെ വിറ്റുവരവെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി. ഇതോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് ഇന്ന് വൈകിട്ട് ആറുവരെ നടക്കുന്നത്. ഇക്കുറി ധന്‍തേരസ്,ദീപാവലി ആഘോഷനാളുകളിലായി രാജ്യത്ത് 25,000 കോടി രൂപയില്‍ കുറയാത്ത വില്പനയാണ് സ്വര്‍ണവിപണി പ്രതീക്ഷിക്കുന്നത്. വെള്ളി, വജ്രം, പ്‌ളാറ്റിനം എന്നിവയ്ക്കും മികച്ച വില്പന പ്രതീക്ഷിക്കുന്നു. ഇക്കുറി നവരാത്രി-ദീപാവലി നാളുകളിലെ വില്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 40 ശതമാനം വളര്‍ച്ചയാണ് വാഹന റീട്ടെയില്‍ വിപണി വിലയിരുത്തുന്നത്.

ഒല ഇലക്ട്രിക്കില്‍ നിന്നുള്ള ട1 സീരീസിലെ മൂന്നാമത്തെ വേരിയന്റായി ഒല എസ്1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ചു. ഇ-സ്‌കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ്. ഒക്ടോബര്‍ 24 വരെ മാത്രമാണ് ഈ വിലയ്ക്ക് സാധുത ഉള്ളത്. ദീപാവലിക്ക് ശേഷം 84,999 രൂപയാകും. ഇത് പ്രധാനമായും എസ്1 , എസ്1 പ്രോ എന്നിവയുടെ കൂടുതല്‍ താങ്ങാനാവുന്ന വേരിയന്റാണ്. 2023 ന്റെ ആദ്യ പാദത്തില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ഇതിന്റെ ബാറ്ററി പാക്ക് നാല് മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം.

യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ കഥ പറയുകയാണിവിടെ. മാര്‍ക്സിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദാശയങ്ങളില്‍നിന്ന് ജനാധിപത്യാശയത്തിലേക്കുള്ള ഈ അന്വേഷണം ആശയപരം മാത്രമല്ല. പ്രായോഗികവും ആത്മാര്‍ത്ഥവുമായ ഒന്നായിരുന്നു എന്ന് ഈ ആത്മകഥ വെളിവാക്കുന്നു.
‘ഒരന്വേഷണത്തിന്റെ കഥ’. കെ വേണു. ഡിസി ബുക്‌സ്. വില 759 രൂപ.

തുടക്കത്തില്‍ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാത്ത മോണരോഗം കാലക്രമേണ രൂക്ഷമാകും. പല്ലില്‍ പിടിച്ചിരിക്കുന്ന അഴുക്കുകളാണ് രോഗത്തിന് കാരണം. ആദ്യം ഡെന്റല്‍ പ്ലാക്കിന്റെ രൂപത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിലും പിന്നീടത് മോണയുടെ ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പല്ലു തേക്കുമ്പോഴോ കട്ടിയുള്ള ആഹാരം കഴിക്കുമ്പോഴോ മോണയില്‍നിന്ന് രക്തം വരികയാണെങ്കില്‍ ഡെന്റിസ്റ്റിനെ കാണുക. വായനാറ്റവും മോണവീക്കവും മോണരോഗത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹരോഗികള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുകവലിക്കുന്നവരില്‍ മോണരോഗത്തിന് സാദ്ധ്യത കൂടുതലാണ്. ചെറുപ്പം മുതല്‍ പല്ലിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാം. ശരിയായ രീതിയിലും സമയമെടുത്തും പല്ല് തേക്കുകയും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ രോഗം മാറിനില്‍ക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *