അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഫ്രണ്ട്ഷിപ്പ് ആന്തെം എന്ന പേരില്‍ പുറത്തുവിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. മണികണ്ഠന് അയ്യപ്പ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് ആണ്. വിവിധ മേഖലകളിലായി നാല്പ്പതില് അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയയാണ്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.